ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ അറസ്റ്റിൽ. പോലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് കെ അണ്ണാമലൈയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സർക്കാരിന് കീഴിലുള്ള മദ്യവിപണ സംവിധാനമായ ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചെന്നൈ എഗ്മോറിലെ ടാസ്മാക്ക് ആസ്ഥാനത്തിന് മുന്നിൽ വച്ച് പ്രതിഷേധം നടത്താനിറങ്ങിയ അണ്ണാമലെയെ അക്കാറൈയിലെ വീടിന് സമീപത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. അതേസമയം തമിഴ്നാട്ടിൽ ബിജെപി നേതാക്കൾ വ്യാപകമായി വീട്ടുതടങ്കലിലെന്നാണ് പരാതി.
തമിഴിസൈ സൗന്ദർരാജൻ, വിനോജ് പി.സെൽവം തുടങ്ങിയവരുടെ വീട് പോലീസ് വളഞ്ഞതിന് പിന്നാലെയാണ് പരാതി ഉയർന്നത്. ടാസ്മാക്കിൽ 1000 കോടിയുടെ ക്രമക്കേടെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഇന്ന് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ ബിജെപി പ്രവർത്തകർ തടിച്ച് കൂടുകയായിരുന്നു. പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനായി പോലീസിനേയും വിന്യസിച്ചിരുന്നു. കൂടാതെ രാജരത്തിനം സ്റ്റേഡിയത്തിൽ നിന്ന് ടാസ്മാക് ആസ്ഥാനത്തേക്ക് പ്രതിഷേധിക്കാനിറങ്ങിയ ബിജെപി പ്രവർത്തകരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മാർച്ച് ആറിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഡി റെയ്ഡ് നടന്നിരുന്നു. ടെൻർറുകളിലും ട്രാൻസ്പോർട്ട് കോൺട്രാക്റ്റുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതായും ചില ടെൻഡറുകൾ ഒരാളെ മാത്രം വച്ച് ചെയ്തുവെന്നുമാണ് ഇഡി കണ്ടെത്തലിലുള്ളത്. തമിഴ്നാട്ടിലെ പ്രമുഖ മദ്യ ഡിസ്റ്റിലറികൾക്കെതിരെയ ഇഡി റിപ്പോർട്ടിൽ പരാമർശമുണ്ട്.