താനൂരിൽ നിന്ന് കാണാതാകുകയും മുംബൈയിൽ കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ രക്ഷിതാക്കൾക്കൊപ്പം അയച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനപ്രകാരമാണ് പെൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്. പരീക്ഷയ്ക്ക് ഹാജരാകാനുള്ള സൗകര്യങ്ങൾ തുടർന്നും നൽകുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടികളെ കൊണ്ടുപോയ ഇൻസ്റ്റഗ്രാം സുഹൃത്ത് എടവണ്ണ സ്വദേശി അക്ബർ റഹീമിന് പുറമേ മറ്റാർക്കെങ്കിലും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല.
വിദ്യാർത്ഥിനികൾ യാദൃശ്ചികമായി മുംബൈയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ എത്തുകയായിരുന്നു. ബ്യൂട്ടിപാർലർ നടത്തിപ്പുകാർക്കോ മറ്റോ സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായിട്ടില്ല.
മുംബൈയിൽ അടക്കം പോയി വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. അതേസമയം കേസ് ഉടൻ അവസാനിപ്പിക്കില്ലെന്നും എല്ലാ സാധ്യതകളും വിശദമായി പരിശോധിക്കുമെന്നും താനൂർ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.