കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി.
ഇന്നലെ രാത്രി എട്ടരയോടെയാണ് ശശി അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീണത്. വീടിന് തൊട്ടടുത്തുളള ബസ്ടോപ്പിൽ ഇരിക്കവെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയായതിനാൽ ഓവുചാലിൽ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു.
ആദ്യം നാട്ടുകാരും പിന്നീട് ബീച്ചിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റും ഓടയിൽ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചിൽ നടത്തിയിട്ടും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.