കെപിസിസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനെത്തുടർന്ന് നേരിട്ട സൈബർ ആക്രമണത്തില്‍ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ.
പരിപാടിയില്‍ താൻ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് സുധാകരൻ പറഞ്ഞു.’സൈബർ പോരാളികള്‍ എന്ന ഗ്രൂപ്പ് പാർട്ടിയിലില്ല. പാർട്ടി അംഗങ്ങളാണ് പാർട്ടിയുടെ സൈന്യം. കെപിസിസിയുടെ പരിപാടിയില്‍ ഞാൻ പങ്കെടുത്തതില്‍ തെറ്റില്ല. കേരളത്തില്‍ ഇങ്ങനെ സർവ്വസാധാരണമായി നടക്കുന്നതല്ലേ? പിന്നെയെന്തിനാ എന്റെ കാര്യം മാത്രം പറയുന്നത്? സൈബർ ഗ്രൂപ്പൊന്നും പാർട്ടിക്കില്ല. അത് പാർട്ടി വിരുദ്ധമാണ്.ഞാൻ പിണറായി വിജയന് എതിരല്ല. എന്നെ പിണറായി വിരുദ്ധനാക്കാൻ ശ്രമിക്കുകയാണ്. ആ ശ്രമിക്കുന്നവർക്ക് നാല് പുത്തൻ കിട്ടുന്നെങ്കില്‍ കിട്ടട്ടെ. ഞാനതിനൊന്നും എതിരല്ല. മരിക്കുംവരെ ഞാൻ കമ്മ്യൂണിസ്റ്റ് ആയിരിക്കും’- ജി സുധാകരൻ വ്യക്തമാക്കി.മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കെപിസിസി സംഘടിപ്പിച്ച സെമിനാറില്‍ ജി സുധാകരൻ പങ്കെടുത്തിരുന്നു. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് ജി സുധാകരനെന്നും സി ദിവാകരൻ ജ്യേഷ്ഠ സഹോദരനാണെന്നും വി ഡി സതീശൻ ചടങ്ങില്‍ പറഞ്ഞിരുന്നു. സതീശൻ കരുത്തുറ്റ നേതാവാണെന്നും രമേശ് ചെന്നിത്തല ഇരുത്തംവന്ന നേതാവാണെന്നുമാണ് സുധാകരനും പ്രശംസിച്ചത്.’മൊഴിയും വഴിയും ആശയസാഗര സംഗമം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഉദ്ഘാടനം ചെയ്തത്. മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയാവതരണം നടത്തി. സിപിഐ നേതാവ് സി ദിവാകരൻ, പ്രൊഫ.ജി.ബാലചന്ദ്രൻ, ബി.എസ്.ബാലചന്ദ്രൻ, കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു, ഡിസിസി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ പരിപാടിയില്‍ സംസാരിച്ചു.