പരുന്തുംപാറ കയ്യേറ്റം; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകി ജില്ലാ കളക്ടർ

ഇടുക്കി പരുന്തുംപാറ കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു. കയ്യേറ്റ ഭൂമിക്ക് ലഭിച്ചിരിക്കുന്ന രേഖകളുടെ പരിശോധനയും സർവേ നടപടികളും ഒരേ സമയം പുരോഗമിക്കുകയാണ്. മാത്രമല്ല പ്രദേശത്ത് നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങൾക്ക് നൽകിയിരിക്കുന്ന പെർമിറ്റുകളും പരിശോധിക്കുന്നുണ്ട്.

പരുന്തുംപാറയിൽ കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ മഞ്ചുമല വില്ലേജിലുൾപ്പെട്ട 441, പീരുമേട് വില്ലേജിലെ 534 എന്നീ സർവേ നമ്പരുകളിലുള്ള ഭൂമിയുടെ രേഖകളാണ് നിലവിൽ പ്രധാനമായും പരിശോധിക്കുന്നത്. കൂടാതെ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ സർവേയും പുരോഗമിക്കുന്നുണ്ട്. പതിനഞ്ച് അംഗ റവന്യൂ സംഘവും മൂന്ന് സർവേ ടീമുകളുമാണ് പരിശോധന നടത്തുന്നത്. ഇതുവരെ കയ്യേറ്റമെന്ന് സംശയിക്കുന്ന 26 കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്.

ഇതിനിടെ പരുന്തുംപാറയിൽ ഭൂമി കയ്യേറിയ 37 പേരുടെ പട്ടിക സർക്കാർ ഹൈക്കോടതിയിൽ സമ‍ർപ്പിച്ചു. കുരിശ് പണിത് ഒഴിപ്പിക്കൽ തടയാൻ ശ്രമിച്ച സജിത് ജോസഫ് ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. കോട്ടയം, എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ഐജി കെ സേതുരാമന്‍റെയും മുൻ കളക്ടർ എച്ച് ദിനേശന്‍റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക സമർപ്പിച്ചത്. ഇതിനിടെ പരുന്തുംപാറയിലും വാഗമണ്ണിലും കെട്ടിടങ്ങൾ പണിതവരുടെ ലിസ്റ്റും അന്വേഷണം സംഘം ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *