ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകുമെന്ന് പി.എ. മുഹമ്മദ് റിയാസ്

കേരളത്തിലെ പ്രാദേശിക രുചി വൈവിധ്യങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഭക്ഷ്യ ടൂറിസത്തിന് പ്രാധാന്യം നൽകി പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “എസ്പോർ 2025 ” തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രാദേശിക പരമ്പരാഗത രുചി ഭേദങ്ങൾ നിരവധിയുള്ള നാടാണ് കേരളമെന്നും ഭക്ഷ്യവൈവിധ്യങ്ങളും ടൂറിസം ഉൽപന്നം എന്ന രീതിയിൽ ഉയരണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക രുചി വൈവിധ്യങ്ങളും പാചകരീതികളും സഞ്ചാരികളിലേക്ക് എത്തിക്കുന്ന ഭക്ഷ്യ ടൂറിസം ശക്തിപ്പെടുത്തുന്നത് വഴി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നും പ്രാദേശിക പരമ്പരാഗത രുചി വൈവിധ്യങ്ങൾ വിനോദസഞ്ചാരികൾക്ക് വിളമ്പുന്നത് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

വൻതൊഴിൽ സാധ്യതകൾക്കും സാമ്പത്തിക മുന്നേറ്റത്തിനും ഇത് വഴിയൊരുക്കും. ഉത്സവങ്ങളും ആഘോഷങ്ങളുമായി ബന്ധപ്പെട്ട നമ്മുടെ ഭക്ഷ്യ സംസ്കാരത്തിന് പ്രചാരണം നൽകണം. പ്രാദേശിക രുചി വൈവിധ്യങ്ങൾക്ക് പ്രചാരണം നൽകുന്നതിന് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങൾ ആരംഭിച്ചു. സംരംഭകർക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നൽകാൻ കഴിഞ്ഞതും നേട്ടമാണ്. നമ്മുടെ നാട്ടിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ഇവിടെത്തന്നെ തൊഴിൽ ലഭിക്കുന്ന സാഹചര്യം ഉയർന്നു വരണം. ഈ ലക്ഷ്യത്തോടെയാണ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആദ്യമായി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

ടൂറിസം വകുപ്പിന് കീഴിലുള്ള 13 ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകളാണ് തൊഴിൽമേളയിൽ പങ്കെടുക്കുന്നത്. 50ലധികം വ്യവസായ സ്ഥാപനങ്ങൾ തൊഴിൽ ദാതാക്കളായി മേളയിലെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളെ പഠനകാലത്ത് തന്നെ തൊഴിൽ തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കുന്ന ഇത്തരം തൊഴിൽമേളകൾ സംഘടിപ്പിക്കുന്നത് അഭിനന്ദനാ൪ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *