കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവം; വിശദീകരണവുമായി പ്രിന്‍സിപ്പല്‍

കൊച്ചി കളമശ്ശേരി പോളി ടെക്നിക് കോളജ് ഹോസ്റ്റലില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പ്രിന്‍സിപ്പല്‍ അജുതോമസ് രം​ഗത്ത്. കോളജ് ഹോസ്റ്റലിലേക്ക് വേണ്ടിയായിരിക്കില്ല കഞ്ചാവ് കൊണ്ടുവന്നതെന്നും പുറത്ത് നിന്ന് കൊണ്ടുവന്നതാകാമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 51 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളതെന്നും ചുറ്റുമതിലും സെക്യൂരിറ്റിയുമുണ്ടെന്നും എങ്കിലും പുറത്ത് നിന്ന് ആരെങ്കിലും കടന്നുവന്നോ എന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ആകെ 60 പേരാണ് ഹോസ്റ്റലിലുള്ളത്. അവരെല്ലാവരും കഞ്ചാവ് ഉപയോഗിക്കണമെന്നില്ല. സംഭവത്തില്‍ അക്കാദമിക് കൗൺസിൽ യോഗം ചേര്‍ന്ന് അറസ്റ്റിലായ വിദ്യാർഥികൾക്കെതിരെ നടപടി എടുക്കും.പിടിയിലായവര്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളാണ്. അവരുടെ ഭാവിയെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. സംഘടനകളും യൂണിയനുകളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഏതോ ഒരു കുട്ടിയെ പിടിച്ചു എന്ന് കരുതി അതില്‍ യൂണിയനും സംഘടനക്കും ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്നും ഏതോ കുട്ടി പെട്ടു എന്നതിലപ്പുറമൊന്നും കാണാന്‍ പറ്റില്ലെന്നും പ്രിന്‍സിപ്പല്‍ കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ് എം, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവുമാണ് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *