ഉരുൾപൊട്ടൽ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 87 പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥരെയാണ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്തിമ പട്ടികയിൽ പരാതിയുള്ളവർക്ക് ജില്ല ദുരന്ത നിവാരണ അതോറിറ്റിയെ സമീപിക്കാം. 2 A ലിസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ലഭിച്ച 164 പരാതികൾ തള്ളിയാണ് 6 എണ്ണം സ്വീകരിച്ചത്.
അതേ സമയം, വയനാട് ദുരന്ത ബാധിതർക്ക് വേണ്ടി സ്മാർട്ട് കാർഡ് പുറത്തിറക്കിയെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇതിലൂടെ ദുരന്ത ബാധിതർക്ക് സഹായങ്ങൾ വിതരണം ചെയ്യാൻ സൗകര്യമൊരുക്കും. ഏപ്രിൽ മുതൽ 6 മാസത്തേക്ക് സാധനങ്ങൾ വാങ്ങാൻ 1000 രൂപ കൂപ്പൺ നൽകുമെന്നും മന്ത്രി അറിയിച്ചു.
പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്ത ബാധിതർ നൽകേണ്ട സമ്മതപത്രത്തിലെ പിശക് പരിഹരിച്ചു. പാക്കേജ് അംഗീകരിച്ചാൽ നിലവിലെ വീടും ഭൂമിയും സറണ്ടർ ചെയ്യണം എന്നത് തിരുത്തി. വീട് മാത്രം സറണ്ടർ ചെയ്താൽ മതി. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ നടപടി സ്വീകരിക്കും. ടാറ്റ കമ്പനിയുടെ സഹായത്തോടെ വൈത്തിരിയിൽ 7 കോടി രൂപ മുതൽ മുടക്കിൽ ട്രോമ കെയർ നിർമിക്കും. ദുരന്ത ബാധിതർക്കുള്ള തുടർ ചികിത്സയ്ക്ക് ക്രമീകരണം ഒരുക്കും. ദുരന്തത്തിൽ കാണാതാവുകയും പിന്നീട് മരിച്ചതായി കണക്കാക്കുകയും ചെയ്തവരുടെ മരണ സർട്ടിഫിക്കറ്റ് നാളെ മുതൽ വിതരണം ചെയുമെന്നും മന്ത്രി അറിയിച്ചു.