പത്തനംതിട്ട പോക്സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽ നിന്ന് ഒന്നാം പ്രതിയുടെ സഹോദരൻ ലക്ഷങ്ങൾ തട്ടിയതായി പരാതി. 8.65 ലക്ഷം തട്ടിയെന്നാണ് പരാതി. കേസിൽ ഒന്നാം പ്രതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈ.എസ്.പിക്കും അഭിഭാഷകനും കൊടുക്കാനെന്ന് പറഞ്ഞാണ് ഒന്നാം പ്രതി ജോജി മാത്യുവിന്റെ (24) സഹോദരൻ ജോമോന്‍ മാത്യു, കേസില്‍ രണ്ടാം പ്രതിയായ പ്രക്കാനം ഷൈനു ഭവനത്തില്‍ ഷൈനുവിന്റെ (22) മാതാവില്‍ നിന്ന് പണം തട്ടിയത്. അഭിഭാഷന്‍ തനിക്ക് കിട്ടിയ യഥാര്‍ഥ തുക വെളിപ്പെടുത്തിയതോടെയാണ് വൻ തട്ടിപ്പ് പുറത്തറിഞ്ഞത്.
കായികതാരമായ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെൺകുട്ടിയെ 60 പേർ പീഡിപ്പിച്ചുവെന്ന കേസിൽ ഒന്നും രണ്ടും പ്രതികളാണ് ജോജി മാത്യുവും ഷൈനുവും. ഇരുവരും രണ്ടുമാസം മുമ്പ് അറസ്റ്റിലായിരുന്നു. ഇതിൽ ഷൈനുവിന്റെ കേസ് നടത്താൻ ഒന്നാം പ്രതിയുടെ സഹോദരൻ പ്രക്കാനം തോട്ടുപുറത്ത് ജോ ഓഡിയോ ലാബ് നടത്തുന്ന ജോമോന്‍ മാത്യുവാണ് സഹായിച്ചിരുന്നത്. ജാമ്യം എടുത്തു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഷൈനുവിന്റെ മാതാവില്‍ നിന്ന് ഇയാൾ പണം തട്ടിയത്. രണ്ടു മാസത്തിനിടെ പല തവണയായി ജാമ്യം എടുക്കാനെന്നും പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൊടുക്കാനെന്നും പറഞ്ഞ് 8.65 ലക്ഷം വാങ്ങുകയായിരുന്നു.