രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റിൽ ഫൈനല്‍ വരെയെത്തിയ കേരള ടീമിലെ താരങ്ങളാരും സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നൽകിയിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. രഞ്ജി ടീമിലെ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ ഈ വിശദീകരണം. അതേസമയം, കായിക സംഘടനകള്‍ക്കെതിരെ മന്ത്രി നിയമസഭയിലും വിമര്‍ശനം തുടര്‍ന്നു.
കേരള ഒളിമ്പിക്സ് അസോസിയേഷനും ഹോക്കി അസോസിയേഷനുമെതിരെയാണ് മന്ത്രി നിയമസഭയിൽ സംസാരിച്ചത്. സര്‍ക്കാരിനെതിരെയുള്ള സംഘടനകളുടെ സമരവും സര്‍ക്കാര്‍ ചെലവിലാണെന്ന് മന്ത്രി കുറ്റപ്പെടുത്തുകയുണ്ടായി. ഒളിമ്പിക്സ് അസോസിയേഷൻ സർക്കാരിൽനിന്ന് കൈപ്പറ്റിയ ഗ്രാൻഡ് സംബന്ധിച്ച് വരവ് ചെലവ് കണക്കിൽ സർക്കാരിനെതിരെയുള്ള സമരത്തിന്‍റെ ചെലവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഹോക്കി അസോസിയേഷൻ ഇതുവരെ ബജറ്റ് വിഹിതമായി 56 ലക്ഷം രൂപയും സ്പോർട്സ് കൗൺസിലിന്‍റെ ഗ്രാൻഡായി 23 ലക്ഷവും കൈപ്പറ്റി. എന്നാൽ, കേരള ഹോക്കി ടീം നിരവധി വർഷമായി ദേശീയ യോഗ്യത പോലും നേടിയിട്ടില്ല. ദേശീയ ഗെയിംസിലെ കേരള ടീമിന്‍റെ മോശം പ്രകടനവുമായി ബന്ധപ്പെട്ട മറുപടിയിലാണ് മന്ത്രി കായിക സംഘടനകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. മികച്ച ചില താരങ്ങൾ പരിക്ക് കാരണം ദേശീയ പങ്കെടുത്തില്ല.കളരിപ്പയറ്റ് പ്രദർശന ഇനമായി മാത്രമാണ് ഉൾപ്പെടുത്തിയത്. ഇതോടെ 19 സ്വർണം അതുവഴി നഷ്ടപ്പെട്ടു.17 ഇനങ്ങളിൽ മെഡൽ നേടിയെന്നും മന്ത്രികൂട്ടിച്ചേർത്തു.