വയനാട് പുനരധിവാസം; ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നൽകില്ലെന്ന് ദുരന്ത ബാധിതർ

പത്ത് സെന്‍റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജില്‍ സമ്മതപത്രം നല്‍കാൻ ആവശ്യപ്പെട്ടിരിക്കെയാണ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിലപാട്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.

ഏഴ് സെന്‍റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാം, താല്‍പര്യമില്ലാത്തവർക്ക് പതിനഞ്ച് ലക്ഷം ഇത് അടക്കമുള്ള സർക്കാർ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതർ. പത്ത് സെന്‍റ് ഭൂമിയും വീടുമോ അല്ലെങ്കില്‍ 40 ലക്ഷം രൂപയോ വേണമെന്നാണ് ജനകീയ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

അത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റിയിലെ ദുരന്തബാധിതർ കളക്ടർ വിളിച്ച യോഗത്തില്‍ വ്യക്തമാക്കി. 24 ആം തീയതി വരെയാണ് സമ്മതപത്രം നല്‍കാൻ സമയമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *