പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ആശുപത്രിയിലേക്ക് മാറ്റി

പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഈ സമയത്ത് കുടുംബാംഗങ്ങളും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. ആനന്ദകുമാർ ദേശീയ ചെയർമാൻ ആയ ദേശീയ എൻജിഒ കോൺഫെഡറേഷന്‍റെ കീഴിലുള്ള സ്ഥാപനങ്ങൾ വഴിയാണ് പാതി വില തട്ടിപ്പ് നടന്നിരിക്കുന്നത്. തനിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന ആനന്ദകുമാറിന്‍റെ വാദം തള്ളിയ ക്രൈം ബ്രാഞ്ച്, എൻജിഒ കോൺഫെഡറേഷനിൽ നിന്നും ആനന്ദകുമാർ പണം വാങ്ങിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *