ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിൽ, 360 സേവന നയത്തിൻറെ രണ്ടാംഘട്ടം പൂർത്തിയാക്കി ആർ.ടി.എ

ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി അവതരിപ്പിച്ച 360 നയത്തിൻറെ രണ്ടാം ഘട്ടം പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഡ്രൈവർമാരുമായി ബന്ധപ്പെട്ട സേവനങ്ങളും വാഹനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളും പൂർണമായും ഡിജിറ്റൽവത്കരിക്കാൻ ഇതിലൂടെ കഴിഞ്ഞതായി ആർ.ടി.എ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ ആർ.ടി.എയുടെ മൊത്തം സേവനങ്ങളുടെ 40 ശതമാനം ഡിജിറ്റൽവത്കരിക്കാനായിട്ടുണ്ട്. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്താനും അതുവഴി ഉപഭോക്താക്കളുടെ സന്തോഷ സൂചിക 98.9 ശതമാനത്തിലേക്ക് ഉയർത്താനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ദുബൈ നൗ പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ആർ.ടി.എയുടെ സേവനങ്ങൾ ഓഫിസ് സന്ദർശിക്കാതെ തന്നെ സ്വയം പൂർത്തീകരിക്കാൻ കഴിയും.

ഇത്തരം മാതൃകകൾ കൂടുതൽ സേവന മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘പുതുതലമുറ 360 സേവനനയം’ ആർ.ടി.എ അവതരിപ്പിച്ചത്. ഡിജിറ്റൽവത്കരണത്തിലൂടെ വകുപ്പിൻറെ സേവന ലഭ്യത 96 ശതമാനം മെച്ചപ്പെടുത്താനും സഹായിച്ചു. 82 സേവനങ്ങൾക്ക് കാത്തിരിപ്പ് സമയം പൂജ്യത്തിലെത്തിക്കാനും 63 സേവനങ്ങൾക്ക് നേരിട്ട് ഓഫിസ് സന്ദർശിക്കേണ്ട ആവശ്യകത ഒഴിവാക്കാനും സാധിച്ചു. കൂടാതെ സർവിസ് നടപടികൾ 36 ശതമാനം കുറക്കാനും ഡിജിറ്റൽ ഓപ്ഷനുകൾ 61 സേവനങ്ങളിലും ലഭ്യമാക്കാനും കഴിഞ്ഞതായി ആർ.ടി.എ ചെയർമാൻ കൂട്ടിച്ചേർത്തു. 2024ലെ നാലാം പാദത്തിൽ ഡിജിറ്റൽ പരിവർത്തനം 96 ശതമാനമായി ഉയർന്നിട്ടുണ്ട്.

പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള 32 പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇത് മുൻകൂർ നിബന്ധനകൾ ഇല്ലാതെ ലഭ്യമാവുന്ന ഡിജിറ്റൽ സേവനങ്ങൾ 71 ആയി വർധിപ്പിക്കാൻ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *