‘ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു, സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു’; മഞ്ജു പിള്ള

‌കരിയറിൽ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടി മഞ്ജു പിള്ള. മഞ്ജു പിള്ളയുടെ ജീവിതത്തിലും ഇന്ന് മാറ്റങ്ങളുണ്ട്. സിനിമാട്ടോ​ഗ്രഫർ സുജിത് വാസുദേവായിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. 2000 ൽ വിവാഹിതരായ ഇരുവരും 2024 ൽ വേർപിരിഞ്ഞു. പിരിഞ്ഞ വിവരം സുജിത് വാസുദേവാണ് ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറഞ്ഞത്. പിരിഞ്ഞെങ്കിലും ഇരുവരും സൗഹൃദം തുടരുന്നു.

ഇപ്പോഴിതാ സുജിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. വിവാഹ ജീവിതത്തിലെ ഓർമകൾ നടി പങ്കുവെച്ചു. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് മഞ്ജു പിള്ള മനസ് തുറന്നത്. മകളും ഭർത്താവുമായുള്ള കുടുംബ ജീവിതം ഞാൻ ആസ്വദിച്ചിരുന്നു. ആ സമയത്ത് ഞാൻ തട്ടീം മുട്ടീം എന്ന പരമ്പര മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമകളൊന്നും ചെയ്തിരുന്നില്ല. നീയൊരു ആർട്ടിസ്റ്റല്ലേ, സിനിമ ചെയ്യുന്നില്ലെന്ന് പറയരുതെന്ന് ജയസൂര്യയൊക്കെ എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. അപ്പോഴും ഞാനെന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെച്ചു. സുജിത്തിന് അന്ന് വലിയ തിരക്കായിരുന്നു.

കുഞ്ഞിനെ ജോലിക്കാരിയുടെ കയ്യിൽ ഏൽപ്പിച്ച് പോകാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോൾ മകളെ സ്കൂളിലാക്കി പോയി വെെകുന്നേരം എനിക്ക് ഷൂട്ട് കഴിഞ്ഞ് തിരിച്ച് വരാം. മാസത്തിൽ പത്ത് ദിവസമായിരുന്നു ഷൂട്ടെന്നും മഞ്ജു പിള്ള ഓർത്തു. സുജിത്ത് വലിയൊരു കലാകാരനാണ്. അദ്ദേഹം ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്നതിലുപരി കലാകാരിയായി ആ​ഗ്രഹിച്ച ആളാണ് ഞാൻ. അത്രയും കഴിവുള്ളയാളാണ്. നല്ലൊരു ഭർത്താവാണോ നല്ല ക്യാമറമാനാണോ എന്ന് ചോദിച്ചാൽ നല്ല കലാകാരനാണെന്നാണ് ഞാൻ പറഞ്ഞിരുന്നു. ഇപ്പോഴും അത് തന്നെ പറയുന്നെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ഫാമിം​ഗ് തുടങ്ങിയതിനെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. ഫാം തുടങ്ങുകയെന്നത് സുജിത്തിന്റെ ആശയമായിരുന്നു. എനിക്ക് ടെയ്ലറിം​​ഗ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഞാനവിടെ ഷോപ്പിന് വേണ്ട കടകളും കാര്യങ്ങളും അന്വേഷിക്കുമ്പോഴാണ് സുജിത്ത് സർപ്രെെസായി ഇക്കാര്യം പറയുന്നത്. ഫാമിം​ഗ് എനിക്ക് ഒട്ടും താൽപര്യമില്ലാത്ത ജോലിയായിരുന്നു. സുജിത്ത് സ്റ്റാർട്ട് ചെയ്ത് തന്നു. ഞാനാണ് പിന്നെ അത് മുന്നോട്ട് കൊണ്ട് പോയത്.

ഞങ്ങൾ വേർപിരിഞ്ഞപ്പോഴേക്കും ഫാമിന് ഒരു പേര് വന്നു. എനിക്ക് നിർത്താൻ പറ്റില്ലായിരുന്നു. ഫാമിൽ നിന്ന് വരുമാനമുണ്ടാക്കി ഈ നിമിഷം വരെ ഭക്ഷണം കഴിച്ചിട്ടില്ല. അതിൽ തന്നെ ഇൻവെസ്റ്റ് ചെയ്തു. ഇപ്പോൾ പാർട്ണർ പോലൊരാൾ ഫാമിനുണ്ട്. അവനാണ് കാര്യങ്ങൾ നോക്കുന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *