അനുനയ നീക്കവുമായി സിപിഎം; നിലപാടിലുറച്ച് എ പദ്മകമാര്‍

 മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്ന നിലപാടിലുറച്ച് പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പദ്മകുമാർ. പ്രത്യാഘാതം അറിഞ്ഞാണ് പരസ്യ പ്രതികരണമെന്നും പാർട്ടി നടപടി എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്മകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇതിന്‍റെ ഭാഗമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയിലെ പദ്മകുമാറിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.

പദ്മകുമാറിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിലെ അതൃപ്തി പാര്‍ട്ടി പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാജു എബ്രഹാം പറഞ്ഞു. പദ്മകുമാറിന്‍റെ പരാതി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യും. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും രാജു എബ്രഹാം പറഞ്ഞു. 

രാജു എബ്രഹാമിനൊപ്പം സിഐടിയുസംസ്ഥാന വൈ പ്രസിഡന്‍റ് പി ബി ഹർഷ കുമാറും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് കാലത്ത് ഹർഷ കുമാറും പദ്മകുമാറും തമ്മിൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയ്യാങ്കളിയുണ്ടായിരുന്നു. സംഭവത്തിൽ ഇരുവരേയും പാർട്ടി താക്കീത് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അനുനയനീക്കത്തിനായി ജില്ലാ സെക്രട്ടറിക്കൊപ്പം പിബി ഹര്‍ഷകുമാര്‍ കൂടി വീട്ടിലെത്തിയത്. പെട്ടെന്നുണ്ടായ വികാരത്തിലായിരുന്നു പദ്മകുമാറിന്‍റെ പ്രതികരണമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പി. ബി. ഹർഷകുമാർ പറഞ്ഞു. വിഷയം പാർട്ടി പരിശോധിക്കും. പാർട്ടിയാണ് അവസാനവാക്കെന്നും അതിനുമുകളിലാരും വരില്ലെന്നും ഹർഷകുമാർ പറഞ്ഞു. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞുവെന്നും ഇനി കൂടുതൽ പ്രതികരിക്കാനില്ലെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം പദ്മകുമാറിന്‍റെ പ്രതികരണം.

ചതിവ് –  വഞ്ചന – അവഹേളനം 52 വർഷത്തെ ബാക്കിപത്രം എന്നെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഇന്നലെ പദ്മകുമാര്‍ അതൃപ്തി തുറന്നുപറഞ്ഞത്. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. പത്തനംതിട്ടയിലെ പാർട്ടിയിൽ അടുത്തകാലത്ത് എത്തിയ വീണാ ജോർജിനെ സംസ്ഥാന സമിതിയിലേക്കു ഉൾപ്പെടുത്തിയത് മാത്രമാണ് അതൃപ്തിക്ക് കാരണമെന്ന് പത്മകുമാര്‍ ഇന്ന് രാവിലെ. പുതിയ തീരുമാനങ്ങൾ ശരിയല്ലെന്ന് തുറന്നുപറയാനും പാർട്ടിക്കുള്ളിൽ ആരെങ്കിലും വേണം. അതുകൊണ്ട് തുറന്ന് പറഞ്ഞു. എന്നാൽ പിണറായിക്കോ മറ്റ് നേതാക്കൾക്കൊ എതിരല്ലെന്നും എ പദ്മകുമാര്‍ പറഞ്ഞു. നടപടി എന്തായാലും കുഴപ്പമില്ലെന്നും ബ്രാഞ്ച് തലത്തിൽ പ്രവര്‍ത്തിക്കാൻ തയ്യാറാണെന്നും പദ്മകുമാര്‍ പറഞ്ഞു.

അതേസമയം,പദ്മകുമാറിന്‍റെ തുറന്നുപറച്ചിൽ ഞെട്ടിയിരിക്കുകയാണ് പാർട്ടി നേതൃത്വം. മറ്റന്നാൾ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ പദ്മകുമാറിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഏറെക്കാലമായി പത്തനംതിട്ട സിപിഎമ്മിലെ ഒറ്റയാനാണ് എ.  പദ്മകുമാർ. ജില്ലയിലെ ഒരു സമവാക്യത്തിലൂം ഉൾപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറി മോഹം മുതൽ സംസ്ഥാന സമിതിയിലെ അംഗത്വം വരെ കിട്ടാക്കനിയായി. കൊല്ലം സമ്മേളനമായിരുന്നു അവസാന പ്രതീക്ഷ. അതിലും അവഗണിച്ചു. അതുകൊണ്ടാണ് സമ്മേളന നടപടികൾ പൂർത്തിയാകും മുമ്പെ പദ്മകുമാർ കൊല്ലം വിട്ടത്. വിവാദങ്ങളില്ലാതെ സംസ്ഥാന സമ്മേളനത്തെയാണ് വൻവിവാദത്തിലേക്ക് പദ്മകുമാർ വലിച്ചിട്ടത്. വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ സിപിഎം സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. 

Leave a Reply

Your email address will not be published. Required fields are marked *