വൈകാരിക പ്രസംഗത്തോടെ പദവി കൈമാറ്റം; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഔദ്യോഗിക ചുമതല കൈമാറി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിന് മുമ്പ് നിലയത്തിന്‍റെ ഔദ്യോഗിക ചുമതല റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഒവ്‌ചിനിന് കൈമാറി സുനിത വില്യംസ്. വൈകാരിക പ്രസംഗത്തോടെയാണ് ഐഎസ്എസിന്‍റെ കമാന്‍ഡര്‍ പദവി സുനിത കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്. 

2024 ജൂണില്‍ വെറും 10 ദിവസത്തെ ദൗത്യത്തിനായാണ് ഭൂമിയില്‍ നിന്ന് തിരിച്ചതെങ്കിലും 10 മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായിരുന്നു ഇന്ത്യന്‍ വംശജയായ നാസ സഞ്ചാരി സുനിത വില്യംസ്. നീണ്ട ദൗത്യം പൂര്‍ത്തിയാക്കി സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങും മുമ്പ് സുനിത വില്യംസ് ബഹിരാകാശ നിലയത്തിന്‍റെ കമാന്‍ഡര്‍ സ്ഥാനം റഷ്യയുടെ അലെക്സി ഒവ്‌ചിനിന് കൈമാറി. 

ബഹിരാകാശ രംഗത്തെ നാസ-റോസ്‌കോസ്മോസ് സഹകരണത്തില്‍ നിര്‍ണായകമായ മുഹൂര്‍ത്തമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ഐഎസ്എസിന്‍റെ ചുമതല കൈമാറുന്ന ചടങ്ങില്‍ വികാരനിര്‍ഭരമായിരുന്നു സുനിത വില്യംസിന്‍റെ വാക്കുകള്‍. ബഹിരാകാശ ദൗത്യത്തിലുടനീളം പിന്തുണ നല്‍കിയ കണ്‍ട്രോള്‍ സെന്‍ററുകള്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സുനിത വില്യംസ് നന്ദി പറഞ്ഞു. നിലയത്തിലുള്ള മറ്റ് സഞ്ചാരികളെ മിസ്സ് ചെയ്യും എന്നും സുനിത പറഞ്ഞു. 

സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 16നായിരിക്കും സുനിത വില്യംസ് ഭൂമിയിലേക്ക് മടങ്ങുക എന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. സുനിതയ്ക്കൊപ്പം കഴിഞ്ഞ വര്‍ഷം ജൂണില്‍ ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും. എന്നാല്‍ ഈ നാല്‍വര്‍ സംഘത്തിന്‍റെയും മടക്കം സ്പേസ് എക്സിന്‍റെ ക്രൂ-10 ദൗത്യം ഭൂമിയില്‍ നിന്ന് യാത്രതിരിക്കുന്നത് അനുസരിച്ചിരിക്കും. മാര്‍ച്ച് 13നോ 13നോ ക്രൂ-10 ബഹിരാകാശ സംഘത്തെ അയക്കാനാണ് നാസ ശ്രമിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *