മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഘേലിന്റെ വസതിയടക്കം ഛത്തീസ്ഗഢിലെ നിരവധിയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. മദ്യ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മുൻമുഖ്യമന്ത്രിയുമായി ബന്ധമുള്ള 14 ഓളം കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരവധി രേഖകൾ റെയ്ഡിന്റെ ഭാഗമായി ഇ.ഡി അധികൃതർ പരിശോധിക്കുന്നുണ്ട്. എന്നാൽ ഏഴുവർഷമായി കൊണ്ടുനടന്നിട്ടും ഒടുവിൽ തുമ്പില്ലെന്ന് കോടതി തള്ളിക്കളഞ്ഞ കള്ളക്കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം നടത്തുന്നതെന്ന് ഭൂപേഷ് ഭാഘേൽ പ്രതികരിച്ചത്. മുൻമുഖ്യമന്ത്രിയുടെ മകൻ ചൈതന്യ ഭാഘേലിന്റെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മദ്യഅഴിമതിയുടെ പങ്ക് ചൈതന്യക്കും ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. 2019മുതൽ 2022 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നതെന്നാണ് ഇ.ഡി ഉന്നയിക്കുന്ന ആരോപണം.
ഛത്തീസ്ഗഢിലെ മദ്യഅഴിമതി സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയതായും കുറ്റവാളികൾ ഏതാണ്ട് 2100 കോടിയിലേറെ രൂപ കൊണ്ട് മദ്യനയ സിൻഡിക്കേറ്റിന്റെ ഗുണഭോക്താക്കളുടെ പോക്കറ്റുകൾ നിറച്ചതായും ഇ.ഡി ആരോപിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും നിരവധി ബിസിനസുകാരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.