സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പി ജയരാജനെ ഉൾപ്പെടുത്താത്തിൽ അതൃപ്തി പരസ്യമാക്കി മകൻ ജയിൻ രാജ്. വാട്സാപ്പിൽ സ്റ്റാറ്റസ് പങ്കുവച്ചാണ് ജയിൻ രാജ് പ്രതിഷേധം അറിയിച്ചത്. അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ടുള്ള സിപിഎം നേതാവ് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചാണ് ജയിൻ രാജിന്റെ പ്രതിഷേധം. ‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്ന ഫേസ്ബുക്ക് പോസ്റ്റാണ് ജയിൻ പങ്കുവച്ചത്.
ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൽ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടുത്തുമെന്ന് മകൻ ഉൾപ്പടെയുള്ള അണികൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് സംഭവിച്ചില്ല. ഇതോടെയാണ് അതൃപ്തി പരസ്യമാക്കി മകൻ രംഗത്തെത്തിയത്. മകനെ കൂടാതെ കണ്ണൂരിൽ നിന്നുള്ള ഒട്ടേറെ പാർട്ടി പ്രവർത്തകരും പി ജയരാജനെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്.
കണ്ണൂരിൽ നിന്നുള്ള ഏറ്റവും വലിയ സ്വാധീനമുള്ള നേതാവാണ് ജയരാജൻ. അദ്ദേഹത്തെ ഇത്തവണയും സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാത്തത് താഴെത്തട്ടിലുള്ള പ്രവർത്തകരിൽ അമർഷത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ സമ്മേളനത്തിലും ജയരാജനെ പരിഗണിക്കാതിരുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു.
ഇതിനിടെ പി ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരിക്കാൻ കാരണമായത് കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്തിനെ തുടർന്നാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ജയരാജന് ക്വട്ടേഷൻ, സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ജില്ലാ കമ്മിറ്റി മുൻ അംഗം മനു തോമസിന്റെ ആരോപണത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക് കത്ത് നൽകിയത്. കണ്ണൂർ ജില്ലാ സമ്മേളന സമയത്ത് ഈ കത്തും ആരോപണവും ചർച്ചയായിരുന്നു. ആ സമയത്ത് തന്നെ പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് എത്തപ്പെടില്ലെന്ന സൂചന പുറത്തുവന്നിരുന്നു.
മാത്രമല്ല, സോഷ്യൽ മീഡിയയിൽ ഫാൻസിന്റെ എണ്ണം കൂട്ടലല്ല നേതാക്കളുടെ ജോലിയെന്ന വിമർശനം ഇക്കുറി പ്രവർത്തന റിപ്പോർട്ടിലുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പട്ടിക വന്നപ്പോൾ പി ജയരാജനുള്ള താക്കീതായിരുന്നു അതെന്ന് വ്യക്തമായി. കണ്ണൂരിൽ നിന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജൻ സെക്രട്ടേറിയറ്റിലെത്തിയതോടെ പി ജയരാജന്റെ സാദ്ധ്യത അടഞ്ഞു.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ, എംവി ഗോവിന്ദൻ, എംവി ജയരാജൻ എന്നിവരെല്ലാം കണ്ണൂർ ജില്ലാ സെക്രട്ടറിയായി പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയവരാണ്. പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാർട്ടി അദ്ദേഹത്തെ 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എംവി ജയരാജൻ ജില്ലാ സെക്രട്ടറിയായത്.