താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിന് പൊലീസ്. അന്വേഷണ സംഘം വീണ്ടും മുംബയിലേക്ക് പോകും. മുംബയിൽ പെൺകുട്ടികൾ സന്ദർശിച്ച ബ്യൂട്ടീപാർലറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.
മുംബയിലെത്തിയ ഉടൻ തന്നെ ഇവർ ബ്യൂട്ടീപാർലറിലാണ് പോയത്. ഇത് ആരുടെയെങ്കിലും നിർദേശപ്രകാരമാണോയെന്നതിനെക്കുറിച്ച് അന്വേഷിക്കും. മാത്രമല്ല ഇവർക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും പരിശോധിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായത്. സ്കൂൾ അധികൃതരും ബന്ധുക്കളും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ മുംബയ് ലോണോവാലയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.
കാണാതായി രണ്ട് ദിവസത്തിന് ശേഷം ട്രെയിനിൽ സഞ്ചരിക്കവെയാണ് റെയിൽവെ പൊലീസ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്.
വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താത്പര്യമില്ലെന്നുമായിരുന്നു പെൺകുട്ടികൾ ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് വീട്ടിലേക്ക് പോകാൻ സന്തോഷമാണെന്ന് പറഞ്ഞു. നിലവിൽ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിരുന്നു. എന്നാൽ കുട്ടികൾ കൂടുതൽ കാര്യങ്ങളൊന്നും വിട്ടുപറയുന്നില്ല. ഇവർക്ക് കൗൺസിലിംഗും നൽകും.