ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്തി; ഉത്തരവില്‍ ഒപ്പുവെച്ച് ഇസ്രയേല്‍ വൈദ്യുതി മന്ത്രി

ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി. വൈദ്യുതി വിതരണം എത്രയും പെട്ടന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു.

യുദ്ധത്തില്‍ പൂര്‍ണമായി തകര്‍ന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഒരാഴ്ചയായി ഇസ്രയേല്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് വൈദ്യുതി വിഛേദിക്കാനുളള അനുമതിയില്‍  എലി കോഹന്‍ ഒപ്പുവെച്ചത്. 

‘ഗാസ മുനമ്പില്‍ എത്രയും പെട്ടന്ന് വൈദ്യുതി വിഛേദിക്കുന്നതിനുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേല്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ സാധ്യമായതൊക്കെ ചെയ്യും. കൂടാതെ യുദ്ധം അവസാനിക്കുമ്പോള്‍ ഹമാസ് പൂര്‍ണമായും ഇല്ലാതായെന്ന് ഉറപ്പുവരുത്തുകയും ചെയ്യും’ എന്നാണ് എലി കോഹന്‍ പറഞ്ഞത്.

15 മാസത്തിലേറെയായി തുടരുന്ന യുദ്ധത്തില്‍ നിലവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെടിനിര്‍ത്തല്‍ നീട്ടുന്നതിന് വേണ്ടി ഇസ്രയേല്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഫലസ്തീന്‍ ഇത് പൂര്‍ണമായും അംഗീകരിക്കുന്നതുവരെ എല്ലാ സഹായ വിതരണവും ഇസ്രയേല്‍ നിര്‍ത്തി വെച്ചു. മാര്‍ച്ച് ഒന്നിനാണ് വെടിനിര്‍ത്തലിന്‍റെ ആദ്യ ഘട്ടം അവസാനിച്ചത്. ഇത് ഏപ്രില്‍ പകുതിയിലേക്ക് നീട്ടണം എന്നാണ് ഇസ്രയേലിന്‍റെ ആവശ്യം. എന്നാല്‍ വെടിനിര്‍ത്തല്‍ യുദ്ധം പൂര്‍ണമായും അവസാനിക്കുന്ന നടപടിയിലേക്ക് എത്തിക്കുന്നത് ആവണം എന്നാണ് ഹമാസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹമാസ് തടവിലാക്കിയ ബന്ദികളെ തിങ്കളാഴ്ചയോട് കൂടി  വിട്ടയച്ചില്ലെങ്കില്‍ ഉണ്ടാവാന്‍  പോകുന്ന  പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഹമാസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സഹായങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഇസ്രയേല്‍ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെടുകയാണെന്നും ഇസ്രയേല്‍ ബന്ദികളെ ഈ നീക്കം ബാധിച്ചു എന്നും ഹമാസ് ശനിയാഴ്ച പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *