2026 ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്കുള്ള ടീമംഗങ്ങളെ പ്രഖ്യാപിച്ച് ബഹ്റൈൻ. 26 പേരടങ്ങുന്ന ടീമംഗങ്ങളെയാണ് പരിശീലകൻ ഡ്രാഗൺ തലാജിക് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഗൾഫ് കപ്പ് നേട്ടത്തിന് സാക്ഷിയായ ടീമംഗങ്ങൾ ഭൂരിഭാഗവും യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിലിടം നേടിയിട്ടുണ്ട്. കൂടാതെ പുതുതായി രണ്ടുപേർക്കും അവസരം ലഭിച്ചിട്ടുണ്ട്.
നിലവിൽ ഗ്രൂപ് സിയിൽ അഞ്ചാം സ്ഥാനത്തുള്ള ബഹ്റൈന് മൂന്നാം റൗണ്ടിൽ മൂന്ന് എവേ മാച്ചുകളും ഒരു ഹോം മാച്ചുണുള്ളത്. മാർച്ച് 20ന് ജപ്പാനെതിരെ അവരുടെ തട്ടകത്തിലാണ് ആദ്യമത്സരം. ശേഷം ഇന്തോനേഷ്യയെ 25ന് ജക്കാർത്തയിലെ ഗെലോറ ബംഗ് കർണോ സ്റ്റേഡിയത്തിൽ നേരിടും. ശേഷം ജൂൺ അഞ്ചിന് സൗദിക്കെതിരെ സ്വന്തം മണ്ണിൽ ബൂട്ട്കെട്ടും. തൊട്ടടുത്ത ആഴ്ച ജൂൺ പത്തിന് ചൈനയെ അവരുടെ ഹോം ഗ്രൗണ്ടിലും നേരിടും.
ആറ് കളികളിൽനിന്ന് 16 പോയന്റുമായി ജപ്പാനാണ് ഗ്രൂപ് സിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു ജയവും നാല് സമനിലയും ഒരു തോൽവിയുമായി ഏഴു പോയന്റോടെ രണ്ടാം സ്ഥാനത്താണ് ആസ്ട്രേലിയ. ബഹ്റൈന് പുറമെ മറ്റു ടീമുകളായ ഇന്തോനേഷ്യ, സൗദി അറേബ്യ, ചൈന എന്നീ ടീമുകൾ ആറ് പോയന്റ് വീതം നേടി യഥാക്രമം സ്ഥാനത്ത് തുടരുന്നു. യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ ആകെ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഇറാൻ, ഖത്തർ, ഉസ്ബകിസ്താൻ, യു.എ.ഇ, കിർഗിസ്താൻ, ഉത്തരകൊറിയ തുടങ്ങിയവർ ഗ്രൂപ് എയിലും ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നീ ടീമുകൾ ഗ്രൂപ് ബിയിലും ഉൾപ്പെടുന്നു.
ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനക്കാർക്ക് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. മൂന്നും നാലും സ്ഥാനക്കാർ യോഗ്യതാ മത്സരത്തിന്റെ നാലാം റൗണ്ടിലേക്ക് പരിഗണിക്കപ്പെടും. ഗൾഫ് കപ്പ് നേടിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുന്ന ബഹ്റൈൻ ടീം വലിയ ആത്മവിശ്വാസത്തിലാണ് ബൂട്ടുകെട്ടാനൊരുങ്ങുന്നത്.