ആദ്യ എമിറേറ്റ്സ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് -പേഴ്സണാലിറ്റി ഓഫ് ദ ഇയർ ഫോർ 2025 പുരസ്കാരം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് സമ്മാനിച്ചു.
ഇസ്ലാമിക തത്ത്വങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള മൂല്യങ്ങളുടെ പ്രോത്സാഹനത്തിന്, പ്രത്യേകിച്ച് ഖുർആൻ പഠനമേഖലയിലെ സേവനങ്ങൾ പരിഗണിച്ചാണ് ദുബൈ ഭരണാധികാരിയെ അവാർഡിന് തെരഞ്ഞെടുത്ത്. ദുബൈ അൽ ഖവാനീജിലെ ഫാമിൽ നടന്ന റമദാൻ സംഗമത്തിലാണ് അവാർഡ് സമ്മാനിച്ചത്.
വിശുദ്ധ ഖുർആൻ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അതിന്റെ ശാശ്വത തത്ത്വങ്ങളെ ആദരിക്കാനും എന്റെ സഹോദരൻ മുഹമ്മദ് ബിൻ റാശിദ് നടത്തിയ ശ്രമങ്ങൾ പ്രചോദനാത്മകമാണെന്ന് അവാർഡ് സമ്മാനിക്കുന്ന ചിത്രത്തോടൊപ്പം പ്രസിഡന്റ് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിൽ കുറിച്ചു. ഇസ്ലാമിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സ്ഥാപക പിതാവ് ശൈഖ് സായിദിന്റെ പൈതൃകം ഓർമിക്കുന്നതാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.