വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മൂന്ന് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.മൂന്ന് കേസിലാണ് അഫാൻറെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.80 കാരിയായ സൽമാബീബിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പാങ്ങോട് പൊലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്.
നാളെ അഫാനെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊലപാതകം നടത്തിയ പാങ്ങോട് ഉള്ള വീട്ടിലും ആയുധം വാങ്ങിയ കടയിലും സ്വർണം പണയപ്പെടുത്തി പണം വാങ്ങിയ സ്ഥാപനത്തിലുമെല്ലാമെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന തെളിവെടുപ്പായിരിക്കും നടക്കുക.
മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് കഴിഞ്ഞദിവസം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. അനുജൻ അഫ്‌സാനെയും സുഹൃത്ത് ഫർസാനെയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസിൽ ഇനിയും അറസ്റ്റ് രേഖപ്പെടുത്താൻ ഉണ്ട്.