ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ്, ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ന്യൂസിലൻഡ് ഫൈനൽ

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ – ന്യൂസിലാൻഡ് ഫൈനൽ. ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് ഫൈനലിൽ എത്തിയത്. 363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റൺസിൽ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലർ നേടിയ 100* റൺസാണ് വൻ നാണക്കേടിൽ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസിലാൻഡ് ഫൈനൽ.363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്നതിന് ശേഷമാണ് കൂട്ടത്തകർച്ചയിലേക്ക് വീണത്.

17(12) റൺസ് നേടിയ റയാൻ റിക്കിൾടണിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ തെംബ ബവൂമ 56(71), റാസി വാൻ ഡർ ഡസൻ 69(66) സഖ്യം 105 റൺസ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സാന്റ്നറുടെ പന്തിൽ ബവൂമ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേർപിരിഞ്ഞത്. ടീം സ്‌കോർ 161ൽ എത്തിയപ്പോൾ ഡസനും പുറത്തായി.പിന്നീട് എയ്ഡൻ മാർക്രം 31(29), ഹെയ്ന്റിച്ച ക്ലാസൻ 3(7) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയിൽ പരുങ്ങലിലായി. വിയാൻ മൾഡർ 8(13), മാർക്കോ യാൻസൻ 3(7), കേശവ് മഹാരാജ് 1(4) എന്നിവരും പുറത്തായപ്പോൾ 218ന് എട്ട് എന്ന നിലയിൽ തോൽവി ഉറപ്പിച്ചിരുന്നു. കാഗിസോ റബാഡ 16(22) മില്ലർക്കൊപ്പം സ്‌കോർ 250 കടത്തിയത് തോൽവിയുടെ ഭാരം കുറച്ചു.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്, ഓപ്പണർ രചിൻ രവീന്ദ്ര 108(101), കെയ്ൻ വില്യംസൺ 102(94) എന്നിവരുടെ സെഞ്ച്വറി മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് കിവീസ് അടിച്ചെടുത്തത്.

രണ്ടാം വിക്കറ്റിൽ രചിൻ – വില്യംസൺ സഖ്യം നേടിയ 203 റൺസ് കൂട്ടുകെട്ടാണ് കൂറ്റൻ സ്‌കോറിലേക്കുള്ള അടിത്തറയിട്ടത്. അവസാന പത്ത് ഓവറുകളിൽ നിന്ന് 105 റൺസാണ് ന്യൂസിലാൻഡ് അടിച്ചെടുത്തത്.ഓപ്പണർ വിൽ യങ്ങ് 21(23) ആണ് ആദ്യം പുറത്തായത്. രചിൻ രവീന്ദ്ര 13 ഫോറും ഒരു സിക്‌സും പായിച്ചപ്പോൾ വില്യംസണിന്റെ ബാറ്റിൽ നിന്ന് പത്ത് ഫോറും രണ്ട് സിക്‌സറുകളും പിറന്നു. ഡാരിൽ മിച്ചൽ 49(37) റൺസ് നേടിയപ്പോൾ ടോം ലഥാം 4(5) നിറം മങ്ങി. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്തി ഗ്ലെൻ ഫിലിപ്‌സ് 49(27) റൺസ് നേടി. മൈക്കൽ ബ്രേസ്വെൽ 16(12) റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ 2*(1) പുറത്താകാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *