രോഹിത് ശര്‍മയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വക്താവിന്‍റെ വിവാദ പ്രസ്താവന; പ്രതികരിച്ച് ബിസിസിഐ

ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവനയെ തള്ളി ബിസിസിഐ. ഓസ്ട്രേലിയക്കെതിരായ നിര്‍ണായക മത്സരത്തിനിറങ്ങാനിരിക്കെ നമ്മുടെ ക്യാപ്റ്റനെക്കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു.

ഉത്തരവാദിത്തമുള്ള ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ നടത്തിയ ബാലിശമായ പ്രസ്താവന അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്. അതും ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടാന്‍ ഇറങ്ങുന്നതിന് തൊട്ടു മുമ്പ്. ഈ സമയം ടീമിനെ പിന്തുണക്കുക്കയായിരുന്നു വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ഇതൊരിക്കലും അംഗീകരിക്കാനാനാവില്ല. കോണ്‍ഗ്രസ് വക്താവിന്‍റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും അടിസ്ഥാനരഹിതവുമാണ്. ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ആരാധകര്‍ ഇന്ത്യയെ ഒരുമിച്ച് പിന്തുണക്കേണ്ട സമയമാണിതെന്നും സൈക്കിയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരാളാണ് രോഹിത് ശര്‍മയെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല പറഞ്ഞു.  ഷമ മുഹമ്മദ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അത് കോണ്‍ഗ്രസ് നിലപാടല്ലെന്നും രാജീവ് ശുക്ല പറഞ്ഞു. അവര്‍ പറഞ്ഞതും പോസ്റ്റിട്ടതും വ്യക്തിപരമായ അഭിപ്രായമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതില്‍ ഒന്നും ചെയ്യാനില്ല. രോഹിത് ഫിറ്റായ കളിക്കാരനാണ്. ഇന്ത്യൻ ടീമും രോഹിത്തിന് കീഴില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. രോഹിത് മഹാനായ കളിക്കാരനാണെന്നും രാജീവ് ശുക്ല പറഞ്ഞു.

രോഹിത് ശര്‍മയെ ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടുള്ള വിവാദ എക്സ് പോസ്റ്റ് പിന്‍വലിച്ചെങ്കിലും രോഹിത്തിനെതിരെ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് നേരത്തെ രംഗത്തെത്തിയിരുന്നു. കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിം​ഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശ‌ർമ്മ തടി അൽപം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറ‌ഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് തന്നെ ആക്രമിക്കുന്നതെന്നും ഷമ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *