‘എത്രത്തോളം മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് നോക്കുന്നത്, മെലിഞ്ഞ ആളുകളെയാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂ’; ഗാവസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മക്കെതിരേ വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ബിസിസിഐ സെക്രട്ടറി ദേവജിത സൈകിയ കഴിഞ്ഞ ദിവസം ഷമയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍ ഷമയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. മികച്ച രീതിയില്‍ കളിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലുകളെ തിരഞ്ഞെടുക്കൂവെന്നും ഗാവസ്‌കര്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.
ഞാന്‍ എപ്പോഴും പറയാറുണ്ട്, നിങ്ങള്‍ക്ക് മെലിഞ്ഞ ആളുകളെ മാത്രമാണ് വേണ്ടതെങ്കില്‍ മോഡലിങ് കോമ്പറ്റീഷനില്‍ പോകൂ. എല്ലാ മോഡലുകളെയും തിരഞ്ഞെടുക്കൂ. ഇവിടെ എത്രത്തോളം മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുവെന്നാണ് നോക്കുന്നത്.- ഗാവസ്‌കര്‍ പറഞ്ഞു.

സര്‍ഫറാസ് ഖാന്റെ കാര്യം നേരത്തേ സംസാരിച്ചതാണ്. അദ്ദേഹം ടെസ്റ്റില്‍ ഇന്ത്യക്കായി 150 റണ്‍സ് നേടുകയും പിന്നാലെ മൂന്ന് അര്‍ധസെഞ്ചുറികള്‍ തികയ്ക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്താണ് പ്രശ്‌നം? ഒരാളുടെ വണ്ണത്തിന് ഇതിലൊന്നും ചെയ്യാനില്ല. ഇത് മാനസികമായ കരുത്തിനെ സംബന്ധിക്കുന്നതാണ്. ദീര്‍ഘകാലം നന്നായി ബാറ്റ് ചെയ്യുക, കുറേ റണ്‍സ് നേടുക.- ഗാവസ്‌കര്‍ പറഞ്ഞു.

നേരത്തേ ഷമയുടെ പ്രതികരണത്തിനെതിരേ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഷമയോട് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് നീക്കംചെയ്യാന്‍ പാര്‍ട്ടി ആവശ്യപ്പെടുകയും ചെയ്തു. ഷമ മുഹമ്മദിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതവും അവഹേളനപരവുമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും തുറന്നടിച്ചു. രോഹിത്ത് അമിതവണ്ണമുള്ളയാളാണെന്നും മികച്ച ക്യാപ്റ്റനൊന്നുമല്ലെന്നുമായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ ഷമയുടെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *