കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ചില രോ​ഗങ്ങളുടെ മുന്നറിയിപ്പ്; അറിഞ്ഞിരിക്കാം

കാലുകള്‍ക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരിക്കാം. വേദന, നീര്‍വീക്കം, അല്ലെങ്കില്‍ നിറവ്യത്യാസം പോലുള്ള ലക്ഷണങ്ങള്‍ ഒരു അടിസ്ഥാന ആരോഗ്യ പ്രശ്‌നം മൂലമാകാം. ഈ ലക്ഷണങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ രോഗം വഷളാകുന്നതിന് മുന്‍പ് ചികിത്സ തേടാന്‍ സാധിക്കും.

കണങ്കാലില്‍ ഉണ്ടാകുന്ന വേദന യൂറിക്കാസിഡ് കൂടുന്നത് മൂലമാകാം. ഇത് പിന്നീട് സന്ധിവാതത്തിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് കണങ്കാലുകളിലും കാല്‍വിരലുകളിലും വീക്കവും തീവ്രമായ വേദനയും ഉണ്ടാക്കുകയും ചെയ്യുന്ന ഒരുതരം ആര്‍ത്രൈറ്റീസ് ആണ് സന്ധിവാതം. അധികമായിട്ടുണ്ടാകുന്ന യൂറിക് ആസിഡ് സന്ധികളില്‍ മൂര്‍ച്ചയുള്ള പരലുകള്‍ രൂപപ്പെടുത്തും.

കണങ്കാലില്‍ വേദനയ്ക്ക് മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ കുറവാണ്. ഈ കുറവ് അസ്ഥികളെ ദുര്‍ബലമാക്കുകയും ഒടിവുകള്‍ക്കും സന്ധിവേദനയ്ക്കും സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ഉപ്പൂറ്റിയുടെ ഭാഗത്ത് കുത്തുന്ന വേദന അനുഭവപ്പെടുന്നത് നമ്മുടെ ശരീരത്തിലെ കാല്‍സ്യം, വിറ്റാമിന്‍ ഡി, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളുടെ അഭാവം കൊണ്ടാണ്. ആവശ്യത്തിന് കാല്‍സ്യം ഇല്ലെങ്കില്‍ നമ്മുടെ അസ്ഥികള്‍ ദുര്‍ബലമാകുകയും പ്ലാന്റാര്‍ ഫാസിയൈറ്റിസ് പോലെയുള്ള അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. സ്ഥിരമായി ഉപ്പൂറ്റി വേദന അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഭക്ഷണത്തിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ആവശ്യ പോഷകങ്ങളുടെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

കാലിലെ നീര് ഒരു സാധാരണ പ്രശ്‌നമാണെങ്കിലും അത് വിട്ടുമാറാതിരിക്കുകയാണെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാകാം. ഹൃദ് രോഗം, കരള്‍ രോഗം, വൃക്കകളിലെ രോഗം എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാലുകളിലെ നീര്‍ വീക്കത്തിന് കാരണമാകാം. ഹൃദയം രക്തം പമ്പ് ചെയ്യാന്‍ കഷ്ടപ്പെടുമ്പോള്‍, കാലുകളില്‍ ദ്രാവകം അടിഞ്ഞുകൂടുകയും അത് നീരിന് കാരണമാവുകയും ചെയ്യും. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കരള്‍ സഹായിക്കുന്നു. കരള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഇത് കാലുകളില്‍ നീരുണ്ടാകാന്‍ കാരണമാകും 

Leave a Reply

Your email address will not be published. Required fields are marked *