കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു.
പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ് ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു.
ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന് ഭരണത്തിലേക്ക് വരാൻ ഒരു തടസവുമില്ല. പാർട്ടിയിൽ തർക്കങ്ങളുണ്ടാക്കേണ്ട കാലമല്ല. പാർട്ടി ഇപ്പോൾ യുദ്ധഭൂമിയിലാണ്. ഒരു ലക്ഷ്യം പാർട്ടിക്കുണ്ട്. അനുഭാവികളുടെ മനസിന് വേദന ഉണ്ടാക്കുന്ന ഒരു വാക്കും നേതാക്കളിൽ നിന്ന് വരരുതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.