തെലങ്കാന നാഗർ കുർണൂൽ ടണൽ ദുരന്തത്തിൽ കുടുങ്ങിയ എട്ട് പേരെ പുറത്തെത്തിക്കാനുള്ള രക്ഷാ പ്രവർത്തനം സൈന്യം ഏറ്റെടുത്തു. സൈന്യത്തിൻറെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിൻറെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടങ്ങി. ഇന്നലെ തുരങ്ക പദ്ധതിയുടെ മുകൾഭാഗം ഇടിഞ്ഞ് വീണുണ്ടായ അപകടത്തിലാണ് എട്ട് പേർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ദൗത്യം അതീവ ദുഷ്കരമെന്ന് സൈന്യം അറിയിച്ചു. അപകടകാരണം മേൽക്കൂരയിലെ വിള്ളൽ മൂലം വെള്ളമിറങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് ഇന്നലെ ഇടിഞ്ഞത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. നിർമാണം പൂർത്തിയാകാത്തതിനാൽ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്. വെള്ളം കൊണ്ടുപോയി തുടങ്ങിയതോടെയുണ്ടായ ചോർച്ച പരിഹരിക്കുന്നതിനായാണ് തൊഴിലാളികൾ ഇറങ്ങിയത്. പിന്നാലെ തുരങ്കത്തിന്റെ മുകൾ ഭാഗം ഇടിയുകയായിരുന്നു.