അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ വൈറ്റ് ഹൗസ് പങ്കുവെച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരുക്കുന്നത്. 41 സെക്കൻഡുള്ള വീഡിയോയിൽ കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് ഉള്ളത്. മാത്രമല്ല ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോ​ഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല.

സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും സീറ്റിൽ നിന്ന് നീങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ സിഖ് മതവിശ്വാസികൾക്ക് അവരുടെ മതാചാരമായ തലപ്പാവ് അണിയാനും അനുവദിച്ചില്ല എന്ന ആരോപണവും ഉണ്ടായിരുന്നു.

https://twitter.com/WhiteHouse/status/1891922058415603980

ഇതുവരെ മൂന്ന് വിമാനങ്ങളിലായി അനധികൃത കുടിയേറ്റക്കാരായ 332 ഇന്ത്യക്കാരെയാണ് യു.എസ്. നാടുകടത്തിയത്. ഞായറാഴ്ച രാത്രി എത്തിയ വിമാനത്തിൽ 31 പഞ്ചാബുകാരാണ് ഉണ്ടായിരുന്നത്. 44 പേർ ഹരിയാണ സ്വദേശികളും 33 പേർ ഗുജറാത്തിൽ നിന്നുള്ളവരുമായിരുന്നു. ആകെ 112 പേരെയാണ് ഞായറാഴ്ച ഇന്ത്യയിലെത്തിച്ചത്. ഈ സംഘത്തിൽ 19 സ്ത്രീകളും 14 കുട്ടികളും രണ്ട് നവജാത ശിശുക്കളുമുണ്ടായിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയ്ക്കാരുമായുള്ള ആദ്യവിമാനം അമൃത്‌സറിലെത്തിയത്. പിന്നാലെ ഫെബ്രുവരി 15-ന് രണ്ടാമത്തെ സംഘമെത്തി.

Leave a Reply

Your email address will not be published. Required fields are marked *