യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ പുറത്ത്

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്നാണ് സർക്കാരിന്റെ നിര്‍ദേശം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും. അതേസമയം കൺവെൻഷനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേരള വിസി മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കത്തയച്ചു. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് പ്രകാരം ആകും ഡ്യൂട്ടി ലീവ് അനുവദിക്കുക. നാളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ നടക്കുന്നത്.

പുതിയ ഭേദഗതി പ്രകാരം 55 ശതമാനം മാർക്കോടെ എംഇ, എംടെക് ബിരുദം നേടിയവർക്ക് അസിസ്റ്റന്റ് പ്രൊഫസർമാരാകാം. യുജിസി നെറ്റ് പരീക്ഷ പാസാവേണ്ട ആവശ്യമില്ല. നിലവിൽ അസിസ്റ്റന്റ് പ്രൊഫസർമാരാവാൻ നെറ്റ് നിർബന്ധമാണ്. കരട് ചട്ടങ്ങൾക്ക് യുജിസി ഡിസംബറിൽ തന്നെ അംഗീകാരം നൽകിയിരുന്നു.

അതേസമയം ഗവർണർമാർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ പരിഷ്‌കാരം. വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റി അധ്യക്ഷനെ ചാൻസലർ നിർദേശിക്കും. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യൂട്ടീവ് കൗൺസിൽ, ബോർഡ് ഓഫ് മാനേജ്‌മെന്റ് തുടങ്ങിയ സമിതികൾക്ക് മൂന്നാമത്തെ അംഗത്തെ നിർദേശിക്കാം. വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിൽ സർക്കാർ-ഗവർണർ പോര് രൂക്ഷമായ പശ്ചാത്തലത്തിൽ കൂടിയാണ് പരിഷ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *