കേന്ദ്ര സർക്കാറിന്റെ നിർണായക ദൗത്യങ്ങളുടെ ചുമതലക്കാരനായിരുന്ന ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു. രാജീവ് കുമാറിന്റെ പിൻഗാമിയായി 26ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായാണ് ഗ്യാനേഷ് കുമാർ അധികാരമേറ്റത്. 18 വയസ്സ് പൂർത്തിയായ എല്ലാവരും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാകണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ ശേഷം അദ്ദേഹം പറഞ്ഞു.
2023ലെ നിയമമനുസരിച്ച് രൂപവത്കരിച്ച സെലക്ഷൻ സമിതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിച്ചതിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗ്യാനേഷ് കുമാർ ചുമതലയേറ്റിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിക്കവെ ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനുള്ള രാമക്ഷേത്ര ട്രസ്റ്റിന്റെ രൂപവത്കരണത്തിലും ഗ്യാനേഷ് കുമാർ നിർണായക പങ്കുവഹിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 31ന് സഹകരണ മന്ത്രാലയത്തിൽ സെക്രട്ടറിയായി വിരമിച്ച ഗ്യാനേഷ് കുമാർ മാർച്ചിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള പുതിയ നിയമം നിലവിൽ വന്നശേഷം ആദ്യമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനാകുന്ന വ്യക്തിയാണ് ഗ്യാനേഷ് കുമാർ. 2029 ജനുവരി 26 വരെയാണ് ഗ്യാനേഷ് കുമാറിന്റെ കാലാവധി.