മഹാകുംഭമേള മൃത്യുകുംഭമായെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാറിനും യു.പിയിലെ ബി.ജെ.പി സർക്കാറിനും കുംഭമേള കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. പശ്ചിബംഗാൾ നിയമസഭയിലാണ് മമത ബാനർജിയുടെ പരാമർശം. കുംഭമേളയേയും ഗംഗാ നദിയേയും ബഹുമാനിക്കുന്നു എന്നു പറഞ്ഞ മമത പാവപ്പെട്ടവർക്കായി ഒരു സൗകര്യവും ഒരുക്കിയില്ലെന്നും തിക്കും തിരക്കും കുംഭമേളയിൽ സാധാരണയായി മാറിയെന്നും ഇതിനെതിരെ മുന്നൊരുക്കം നടത്തണമായിരുന്നുവെന്നും വ്യക്തമാക്കി.
അതേസമയം ബംഗ്ലാദേശ് തീവ്രവാദികളുമായി തന്റെ പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണെന്നും മമത പറഞ്ഞു. മാത്രമല്ല അത് തെളിയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്നും ബി.ജെ.പി എം.എൽ.എമാരുടെ വ്യാജ ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ബി.ജെ.പി മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യം ബി.ജെ.പി എം.എൽ.എമാരെ വെറുപ്പും ഭിന്നിപ്പും പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുകയാണെന്നും മമത പറഞ്ഞു. നേരത്തെ മമത ബാനർജിക്കെതിരെ തീവ്രവാദ ആരോപണവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് മമതയുടെ പ്രതികരണം.