മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട് താൻ നൽകിയ വിയോജനക്കുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ തിരക്കിട്ടുള്ള നിയമനം ശരിയല്ലെന്നും ഭരണഘടനാവിരുദ്ധമെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടെത്താനുള്ള യോഗത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. യോഗത്തിൽ താൻ നൽകിയ വിയോജനക്കുറിപ്പാണ് രാഹുൽ ഗാന്ധി എക്സിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം, മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ചുള്ള വോട്ടർമാരുടെ ആശങ്കകൾ മോദി സർക്കാർ വഷളാക്കി. അർധരാത്രിയിലെ ഈ തീരുമാനം അനാദരവും മര്യാദകേടുമാണ്. അംബേദ്കറുടെയും രാഷ്ട്ര സ്ഥാപകരുടെയും ആശയങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചതുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങളാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നുണ്ടാകുന്നത്. സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ തിരക്കിട്ട് നിയമനം നടത്തിയത്. ഹർജികളിൽ സുപ്രീംകോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം തള്ളിയാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം. അതേസമയം, ഹരജികൾ ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും.