ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സംസാരിക്കവെ വ്യക്തമാക്കി.

എക്സ്പോസ്ഡായ വസ്ത്രം ധരിച്ച് പുറത്ത് പോയിട്ടില്ലെന്നും പാവമാണെന്ന് തോന്നിയാൽ പലരും തലയിൽക്കയറി നിരങ്ങുമെന്നും ഹണി റോസ് പറയുന്നു. പോസ്റ്റ് കോവിഡിന്റെ കാലഘട്ടത്തിൽ ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരാളുണ്ടോയെന്ന് സംശയമാണ്. അത്രയേറെ അനുഭവിച്ചു. എന്റെ ശരീരഭാഗങ്ങൾ വരെ പരാമർശിച്ചുകൊണ്ടുള്ള മോശമായ കാര്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്.

പൊതുവെ സമാധാനം ഇഷ്ടപ്പെടുന്ന ഒതുങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ആളായതുകൊണ്ട് പ്രശ്നത്തിലേക്കോ ബഹളത്തിലേക്കോ പോകേണ്ടെന്ന് വിചാരിച്ച് മുന്നോട്ടുപോകുയായിരുന്നു. എന്നാൽ ക്ഷമയുടെ നെല്ലിപ്പലിക കണ്ടതോടെ ഇതിങ്ങനെ പോയാല്‍ ശരിയാകില്ല എന്ന തീരുമാനമെടുത്തു. ഇത് ഞാൻ മാത്രം തുടങ്ങി വെച്ച പോരാട്ടമല്ല. ഈ വിഷയത്തെക്കുറിച്ച് കുറേ ആളുകൾ ഇതിന് മുമ്പും സംസാരിച്ചിട്ടുണ്ട്. അപ്പനായാലും അമ്മയാലും എനിക്ക് എപ്പോഴും ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നെ സ്നേഹിക്കുന്ന ആളുകളും അത്രയും ശക്തമായിട്ടാണ് എന്നോട് ചേര്‍ന്ന് നില്‍ക്കുന്നത്. അവരുടെ ഭാഗത്ത് നിന്ന് സ്ഥിരം വഴക്കുകേട്ടിരുന്ന കാര്യമായിരുന്നു. ഞാന്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കുന്നില്ല എന്നത്. പക്ഷെ നമ്മളൊരു കാര്യം പുറത്തേക്ക് പറഞ്ഞാല്‍ അതുണ്ടാക്കാവുന്ന പ്രശ്നവും ബഹളവും നമുക്ക് അറിയാവുന്നതാണ്. അതിന്‍റെ പേരില്‍ ഇനി വരുന്നത് എന്തായിരിക്കും എന്ന ചിന്ത ഉള്ളതുകൊണ്ടാണ് മാക്സിമം മാറി നിന്നത്.

ആളൊരു പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ പലരും തലയിൽക്കയറി നിരങ്ങും. നേരത്തെ തന്നെ കേസിന് പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു. ഞാൻ ഈ അനുഭവിക്കുന്ന പ്രശ്നം സിനിമയിൽ നിന്നല്ല. സമൂഹത്തിൽ നിന്നും വരുന്നതാണ്. അഭിനേതാവായതുകൊണ്ട് ഞാൻ മാത്രമല്ല പല മേഖലകളിലുള്ള ആളുകൾ ഇങ്ങനെയുള്ള ആക്രമണങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ഇതിനെ നേരിടണം എന്ന തീരുമാനമെടുത്തത്. മനസമാധാനത്തോടെയും സന്തോഷത്തോടെയും ഇരിക്കാനുള്ള എല്ലാ സാഹചര്യവും എനിക്കുണ്ട്. എന്നിട്ടുപോലും മനസിന് ഭയങ്കര ബുദ്ധിമുട്ട്. ഡിപ്രഷന്റെ ഗുളിക കഴിക്കേണ്ടി വരുന്നു. ഇതിന്റെ കാരണം എന്തെന്ന് മനസിലാകുന്നില്ല. ഒരു വാക്കുകൊണ്ട് പോലും ആരെയും ഉപദ്രവിക്കണമെന്ന് ആഗ്രഹമില്ലാത്ത ആളാണ് ഞാൻ.

നിവർത്തികേടുകൊണ്ട് മുന്നോട്ടുപോയതാണ്. കേസിലെ നടപടികളിൽ പ്രത്യേകിച്ച് സന്തോഷവുമില്ല. ഒരു മുന്നറിയിപ്പ് കൊടുക്കുക എന്നത് മാത്രമായിരുന്നു ചിന്ത. ഉദ്ഘാടന പരിപാടികളിൽ കുറേ അധികം ഞാൻ പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിന് അതൊരു കാരണമായിട്ടുണ്ട്. നമ്മൾ വെറുതെ വീട്ടിൽ ഇരുന്നാൽ ആർക്കും ഒരു പ്രശ്നവുമില്ല. പക്ഷെ നമ്മളെ എപ്പോഴും ലൈംലൈറ്റിൽ കാണുന്നത് അതിനൊരു ഘടകമായിട്ടുണ്ട്. എന്റെ വസ്ത്രമാണ് വിഷയമെങ്കിൽ അത് തീർത്തും വ്യത്യസ്തമാര്‍ന്ന വിഷയമാണ്. നമുക്ക് അത് ചർച്ച ചെയ്യാം. നല്ല വസ്ത്രം ധരിക്കുന്നവരും ഇതുപോലുള്ള ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഹണി റോസിന്റെ വസ്ത്രത്തിലോ ഹണി റോസിന്റെ ഉദ്ഘാടനത്തിലോ കൊണ്ടുപോയി കെട്ടിയിടേണ്ട കാര്യമല്ല. ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്.

അത് പൂർണമായി ഉൾക്കൊണ്ടുകൊണ്ടുള്ള വസ്ത്രമാണ് ഞാനും ധരിക്കാറുള്ളൂ. അല്ലാതെ എക്സ്പോസ്ഡ് ആയിട്ടുള്ളതോ മോശമായതോവായ വസ്ത്രം ധരിച്ച് പുറത്തേക്ക് പോയിട്ടില്ല. എനിക്ക് കംഫർട്ടായിട്ടുള്ള വസ്ത്രമെ ഞാൻ ധരിക്കാറുള്ളൂ എന്നാണ് ഹണി റോസ് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ പ്രതികരിച്ച് പറഞ്ഞത്.

2 thoughts on “ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

Leave a Reply

Your email address will not be published. Required fields are marked *