ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് അഭിഷേക് ബാനർജി

ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജി. സഖ്യമായിരുന്നെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡയമണ്ട് ഹാർബർ മണ്ഡലത്തിൻ്റെ ഭാഗമായ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സത്ഗാച്ചിയയിലെ സെബാശ്രേ ഹെൽത്ത് ക്യാമ്പ് സന്ദർശിച്ചപ്പോൾ, എഎപിയും കോൺഗ്രസും സഖ്യത്തിലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആം ആദ്മി പാർട്ടിക്കെതിരായ ബിജെപിയുടെ പ്രചാരണം വിജയിച്ചത് കെജ്‌രിവാളിൻ്റെ പാർട്ടി പൊതുജനങ്ങൾക്ക് മുന്നിൽ ഒരു മറുവിവരണം അവതരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലാണെന്നും അഭിഷേക് ബാനർജി പറഞ്ഞു. വ്യാജ പ്രചരണം നടത്തുന്നതിൽ ബിജെപിക്ക് പ്രത്യേക ചാതുര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023ലെ ഗവൺമെൻ്റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഓർഡിനൻസിലൂടെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എഎപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, മുൻ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും മറ്റ് കാബിനറ്റ് മന്ത്രിമാരുടെയും അറസ്റ്റുകൾ എഎപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിൻ്റെ കൈകൾ ബന്ധിച്ചിരിക്കുകയായിരുന്നുവെന്നും ബാനര്‍ജി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *