വിഷാദം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോയതിനെ കുറിച്ച് വീണ്ടും പങ്കുവച്ച് ബോളിവുഡ് നടി ദീപിക പദുകോണ്‍. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കാറുള്ള ‘പരീക്ഷ പെ ചര്‍ച്ച’ എന്ന വാര്‍ഷികപരിപാടിയുടെ ഭാഗമായി കുട്ടികളുമായി സംവദിക്കുന്നതിനിടെയാണ് മാനസികാരോഗ്യത്തെ കുറിച്ചും താന്‍ വിഷാദരോഗത്തിലൂടെ കടന്നുപോയതിനെ കുറിച്ചും ദീപിക സംസാരിച്ചത്.
വിഷാദ രോഗം അദൃശ്യമാണ് എന്നും തനിക്ക് വിഷാദമാണെന്ന് ഏറ്റവും ഒടുവിലാണ് താന്‍ തിരിച്ചറിഞ്ഞതെന്നും ദീപിക പറയുന്നു. ‘ഉത്കണ്ഠയുമായോ വിഷാദരോഗവുമായോ മല്ലിടുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ നമുക്കറിയാനാകില്ല, കാരണം പുറമേ അവര്‍ സന്തുഷ്ടരായിരിക്കും, സാധാരണ മനുഷ്യരെപ്പോലെയായിരിക്കും’- ദീപിക പറഞ്ഞു. 2014-ലാണ് ദീപികയ്ക്ക് വിഷാദരോഗം കണ്ടെത്തിയത്.
മുംബൈയില്‍ ഒറ്റയ്ക്ക് കഴിയുന്നതിനിടെയാണ് ദീര്‍ഘകാലം വിഷാദവുമായി താരം മല്ലിട്ടത്. അമ്മയാണ് തന്റെ മാനസികാവസ്ഥയെ കുറിച്ച് ആദ്യമായി മനസ്സിലാക്കിയതെന്നും ദീപിക പറയുന്നു. മുംബൈയില്‍ എന്നെ കാണാനെത്തി ബെംഗളൂരുവിലേക്ക് അമ്മ മടങ്ങുന്ന സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. എന്റെ ജോലിയെ കുറിച്ചും മറ്റും എന്റെ കുടുംബം ചോദിച്ചു. പക്ഷേ ഒന്നുമറിയില്ല എന്നായിരുന്നു എല്ലാത്തിനും എന്റെ മറുപടി. ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്ത പോലെ സ്വയം തോന്നി, ഒന്നും ചെയ്യാനോ ജോലിക്ക് പോകാനോ ആരെയെങ്കിലും കാണാനോ തോന്നിയിരുന്നില്ല. പുറത്തേക്ക് പോകാൻ മടിയായി, പലതവണ ജീവിക്കണോ എന്നു പോലും തോന്നിപ്പോയി എന്നും ദീപിക പറഞ്ഞു.
‘എനിക്ക് ജീവിക്കണമെന്നില്ലെന്നും ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയ്ക്ക് എന്റെ അവസ്ഥ മനസ്സിലായി, എന്നോട് ഒരു മനഃശാസ്ത്രജ്ഞനെ കാണാന്‍ നിര്‍ദേശിച്ചു. അങ്ങനെ ചികിത്സയിലൂടെ വിഷാദത്തെ അതിജീവിക്കുകയായിരുന്നു. നമ്മുടെ നാട്ടില്‍ മാനസികാരോഗ്യത്തെ കുറിച്ച് സംസാരിക്കാന്‍ തന്നെ എല്ലാവര്ക്കും മടിയാണ്. എന്നാല്‍ ഞാനതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ ആശ്വാസം തോന്നിത്തുടങ്ങി. ഉത്കണ്ഠ, വിഷാദം, മാനസികസമ്മര്‍ദ്ദം ഇവയെല്ലാം ആര്‍ക്കുവേണമെങ്കിലും വരാം. എന്നാല്‍ സംസാരിച്ചാല്‍ കുറേയൊക്കെ ആശ്വാസം ലഭിക്കും’- ദീപിക പറഞ്ഞു. അതേസമയം ‘ലിവ് ലവ് ലാഫ്’ എൻ.ജി.ഒ ഫൗണ്ടേഷനിലൂടെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്കായി ദീപിക പ്രവര്‍ത്തിക്കുന്നുണ്ട്.