മാഗ+മിഗ=മെഗാ; ട്രംപിനെ അരികെയിരുത്തി പുതിയ സമവാക്യം പ്രഖ്യാപിച്ച്  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ–യുഎസ് ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് പുതിയ സമവാക്യവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് സന്ദർശനത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി സമവാക്യം അവതരിപ്പിച്ചത്.  ‘മാഗ+മിഗ=മെഗാ’ എന്നായിരുന്നു സൂത്രവാക്യം. ഡോണൾഡ് ട്രംപിന്റെ മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ(മാ​ഗ),  മെയ്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ൻ (മി​ഗ) എന്നിവ ചേർന്നാൽ മെ​ഗാ കൂട്ടുകെട്ടാകുമെന്നാണ് മോദി പറഞ്ഞത്.

യുഎസും ഇന്ത്യയും ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ‘മെഗാ’ പങ്കാളിത്തമായി മാറുമെന്നും മോദി വ്യക്തമാക്കി. 2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ലക്ഷ്യമിടുന്നതായി മോദിയും ട്രംപും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു‌.  

അതേസമയം,  ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. സംയുക്ത വാർത്താ സമ്മേളനത്തിൽ പരസ്പരം വാനോളം പുകഴ്ത്തിയാണ് നേതാക്കൾ സംസാരിച്ചത്. 

വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായി. അതേസമയം,  ഇന്ത്യയുമായുള്ള ചർച്ചയിലും നികുതി തീരുമാനങ്ങളിൽ ട്രംപ് ഇളവിന് തയാറായില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. വ്യാപാര കാര്യത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണ് സഖ്യ രാജ്യങ്ങളെന്നും പറ‍ഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ -അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യ അമേരിക്കയിൽ നിന്ന് എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാതകം എന്നിവ വളരെ കൂടുതൽ വാങ്ങാൻ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറ‍ഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നയിരുന്നു മോദിയുടെ മറുപടി. 

Leave a Reply

Your email address will not be published. Required fields are marked *