ഒരു രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആര്‍ക്കും അതിനുള്ള അവകാശമില്ല; അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കും: നരേന്ദ്ര മോദി

അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. 

കൈകാലുകള്‍ ബന്ധിച്ച് 104 ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തി ഒരാഴ്ച്ചക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യയിലെ യുവാക്കളും ദുർബലരും ദരിദ്രരുമായ ആളുകൾ പറ്റിക്കപ്പെടുകയാണ്. വലിയ സ്വപ്നങ്ങളും വലിയ വാഗ്ദാനങ്ങളും കണ്ട് ആകർഷിക്കപ്പെടുന്ന വളരെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഇവർ. എന്തിനാണ് കൊണ്ടുവരുന്നതെന്ന് പോലും അറിയാതെയാണ് പലരും എത്തിപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യക്കടത്ത് ശൃംഖല അവസാനിപ്പിക്കാൻ ഇന്ത്യയും യുഎസും സംയുക്ത ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഏറ്റവും വലിയ പോരാട്ടം ഈ മുഴുവൻ ശൃംഖലക്കെതിരെയാണ്. ഇതില്‍ അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 

ഇതിനിടെ, ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. സംയുക്ത വാർത്താ സമ്മേളനത്തിൽ പരസ്പരം വാനോളം പുകഴ്ത്തിയാണ് നേതാക്കൾ സംസാരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *