ഫോട്ടോഗ്രഫി രംഗത്തെ മികച്ച സേവനങ്ങൾക്കും, കലാ സാംസ്കാരിക രംഗത്തെ സേവനങ്ങൾക്കും മികച്ച സംഭാവനകൾ നൽകിയ ദമ്മാമിലെ സാമൂഹിക പ്രവർത്തകരായ ബിജു പൂതക്കുളത്തെയും റഊഫ് ചാവക്കാടിനെയും പ്രവാസി വെൽഫെയർ കിഴക്കൻ പ്രവിശ്യാ കമ്മിറ്റി പുരസ്കാരം നൽകി ആദരിച്ചു. ഒന്നര പതിറ്റാണ്ട് കാലത്തെ വീഡിയോഗ്രാഫി രംഗത്തെ സേവനങ്ങൾക്കാണ് ബിജു പൂതക്കുളത്തെ ആദരിച്ചത്.
വിവിധ ചാനലുകളിൽ ന്യൂസ് ക്യാമറമാനായും, പ്രോഗ്രാം ക്യാമറാമാനായും ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. സൗദി അറേബ്യയിലും ടെലിഫിലിമുകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഡോക്യുമെന്ററികളുടെയും ക്യാമറാമാനായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് ക്യാമറമാൻ എന്ന നിലയിൽ യുനസ്കോയുടെ ഭാരവാഹികളിൽ നിന്ന് ആദരവും ലഭിച്ചിരുന്നു. ദമ്മാമിലെ കലാ സാംസ്കാരിക രംഗത്തും സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചതിനാണ് റഊഫ് ചാവക്കാട് ആദരവിന് അർഹത നേടിയത്. വ്യത്യസ്ഥ ആലാപന ശൈലി കൊണ്ട് സ്വന്തമായി ഇടം കണ്ടത്തിയ ഗായകനാണ് അദ്ദേഹം. ദമ്മാമിലെ മാപ്പിളപ്പാട്ട്, കവിത, ഗസൽ വേദികളിലെ സ്ഥിര സാന്നിധ്യമാണ് അദ്ദേഹം.