27 വർഷങ്ങൾക്ക് ശേഷം ഡൽഹി ഭരണം പിടിച്ചെടുത്ത ബി ജെ പി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കി. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബി ജെ പി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ഡൽഹി ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ഗവർണർക്ക് കത്ത് നൽകിയത്.
48 എം എൽ എമാർക്കൊപ്പം ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ലഫ്. ഗവർണർ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി ജെ പി കാണാൻ സമയം തേടിയത്.
സർക്കാർ രൂപീകരണ ചർച്ചകൾ സജീവമാക്കിയെങ്കിലും ആരായിരിക്കും രാജ്യതലസ്ഥാനത്തെ നയിക്കുക എന്ന കാര്യത്തിൽ ഇപ്പോഴും സസ്പെൻസ് തുടരുകയാണ്. പർവേഷ് വർമയുടെ പേരിനാണ് മുൻതൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുമായും ഇന്നലെ ആദ്യ വട്ട ചർച്ച നടത്തിയിരുന്നു. രാവിലെ അമിത് ഷായുടെ വസതിയിൽ ജെ പി നദ്ദയും ജനറൽ സെക്രട്ടറി ബി എൽ സന്തോഷും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ദേവയും കൂടികാഴ്ച നടത്തി.
ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യ പരിഗണനയിലുള്ളത്. ജാട്ട് വിഭാഗത്തിൽനിന്നുള്ള വർമ്മയെ മുഖ്യമന്ത്രിയാക്കിയാൽ ഹരിയാനയിൽ ഒ ബി സി വിഭാഗത്തിൽ നിന്നുള്ള നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ആ വിഭാഗത്തിലുണ്ടായ അതൃപ്തി മറികടക്കാനാകുമെന്നും പശ്ചിമ യു പിയിലും ഇത് നേട്ടമാകുമെന്നുമാണ് ബി ജെ പിയുടെ വിലയിരുത്തൽ. പർവേഷ് വർമ്മ ഇന്ന് രാജ് നിവാസിലെത്തി ലഫ്. ഗവർണറെയും കണ്ടിരുന്നു. ഇന്നലെ അമിത് ഷായെയും കണ്ടിരുന്നു.