ഛത്തീസ്‌ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട;  31 പേരെ വധിച്ചതായി സുരക്ഷാസേന: 2 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ വധിച്ചത് 31 പേരെ. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ദ്രാവതി നാഷണൽ പാർക്കിന്റെ ഭാഗമായ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിആർപിഎഫും ഛത്തീസ്‌ഗഡ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

ആദ്യം 12 മാവോയിസ്റ്റുകളെ വധിച്ചതായാണ് സുരക്ഷാസേന അറിയിച്ചത്. എന്നാൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയർന്നതായി ബസ്‌തർ ഐജി പി സുന്ദരരാജ് അറിയിക്കുകയായിരുന്നു. ഡിസ്‌ട്രിക്ട് റിസർവ് ഗാർഡിൽ നിന്നും സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിൽ നിന്നുമുള്ള ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടൽ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് മാവോയിസ്റ്റുകൾ ഉണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേനയെത്തി തിരച്ചിൽ നടത്തുകയായിരുന്നു. ജനുവരി 31ന് ബിജാപൂർ ജില്ലയിൽ തന്നെയുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സൈനികർ വധിച്ചിരുന്നു.

‘വെസ്റ്റ് ബസ്തർ ഡിവിഷൻ’ സംഘടനയിൽ നിന്നുള്ള മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഓപ്പറേഷൻ ആരംഭിച്ചത്. ഓപ്പറേഷനിൽ ജില്ലാ റിസർവ് ഗാർഡ്, സംസ്ഥാന പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവർ ഉൾപ്പെട്ടിരുന്നുവെന്ന് ബസ്‌തർ ഐജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *