ദുബായിൽ മേൽപാലങ്ങളുടെ എണ്ണം ഓരോ വർഷവും വർധിപ്പിച്ച് കാൽനട യാത്ര എളുപ്പമാക്കി ആർടിഎ. 2006 ൽ 13 മേൽപാലങ്ങൾ മാത്രമുണ്ടായിരുന്ന ദുബായിൽ ഇപ്പോൾ 129 എണ്ണമുണ്ട്. കഴിഞ്ഞ വർഷം മാത്രം 5 പുതിയ പാലങ്ങൾ കാൽനട യാത്രക്കാർക്കു തുറന്നുകൊടുത്തു. അടുത്ത 4 വർഷത്തിനിടെ പുതിയ 36 മേൽപാലങ്ങൾ കൂടി പണിയാൻ പദ്ധതിയുണ്ട്.
റോഡിനു കുറുകെ കടക്കാനുള്ള ശ്രമത്തിത്തിനിടെ 100 കണക്കിനു ജീവനുകളാണ് ദുബായിൽ പൊലിഞ്ഞത്. ഇതിനു പരിഹാരമായാണ് റോഡുകൾക്ക് മുകളിലൂടെ മേൽപാലങ്ങൾ ക്രോസിങ്ങിനു മാത്രമായി നിർമിച്ചു തുടങ്ങിയത്. മേൽപാലം വന്നതോടെ അപകടങ്ങൾ കുറഞ്ഞു.
കഴിഞ്ഞ വർഷം ക്രോസിങ്ങിനിടെയുണ്ടായ അപകടങ്ങളിൽ 27 ശതമാനം കുറവുണ്ടായി. ക്രോസിങ്ങുമായി ബന്ധപ്പെട്ട് അപകടങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലാണ് മേൽപാലങ്ങൾ നിർമിച്ചത്. സൈക്കിൾ യാത്രക്കാർക്കും ഈ മേൽപാലം ഉപയോഗിക്കാം.