ഒക്ടോബർ ഒന്ന് മുതൽ അവതരിപ്പിക്കുന്ന ഏകദിന അട്രാക്ഷൻ പാസ്സുകൾ ഓൺലൈനിൽ ലഭ്യമാണ്. വിഷൻ പവലിയൻ, വിമൻസ് പവലിയൻ, ടെറ – ദ സസ്റ്റൈനബിലിറ്റി പവലിയൻ, അലിഫ് – ദി മൊബിലിറ്റി പവലിയൻ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്ന ഈ പാസിന് 120 ദിർഹമാണ് നിരക്ക്. . യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ജീവിതവും നേതൃത്വവും ആഘോഷിക്കുന്നതായിരിക്കും വിഷൻ പവലിയൻ. അദ്ദേഹത്തിന്റെ ബാല്യകാലം,കൂടാതെ ദുബായിലും യുഎഇയിലും അദ്ദേഹത്തിന്റെ ധീരമായ കാഴ്ചപ്പാടിനെ സ്വാധീനിച്ച അനുഭവങ്ങളും കൂടിച്ചേർന്നതായിരിക്കും വിഷൻ പവലിയൻ നൽകുന്ന അനുഭവം.
വനിതാ പവലിയനിൽ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള പ്രതിബദ്ധത ഉറപ്പിക്കുന്ന രീതിയിലുള്ള കാഴ്ചകൾ ആയിരിക്കും. 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാരായ ആളുകൾക്കും സൗജന്യമായി എസ്‌പോസിറ്റി സന്ദർശിക്കാം. എന്നാൽ എക്‌സ്‌പോ സിറ്റി ദുബായിലെ ടിക്കറ്റിംഗ് ബൂത്തുകളിൽ നിന്ന് പ്രത്യേക പാസ്സുകൾ സ്വന്തമാക്കണം. സർറിയൽ വാട്ടർ ഫീച്ചറിലേക്കും അൽ വാസൽ പ്ലാസയിലേക്കും ഒക്ടോബർ ഒന്നുമുതൽ പ്രവേശനമുണ്ടായിരിക്കും. വിദ്യാഭ്യാസ കമ്മ്യൂണിറ്റിക്ക് മാത്രമായി പാസ്സുകൾക്ക് പ്രത്യേകം വില നിശ്ചയിച്ചിട്ടുണ്ട്. എക്സ്പോ സ്കൂൾ പ്രോഗ്രാമിനെക്കുറിച്ചും അതിന്റെ പുതിയ ഓഫറുകളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ www.schools.expocitydubai.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഏകദിന അട്രാക്ഷൻ പാസ്സ് പ്രയോജനപ്പെടുത്താത്ത സന്ദർശകർക്ക്, വ്യക്തിഗത പവലിയൻ ടിക്കറ്റുകൾ ലഭിക്കും. ഓരോ പവലിയനും ഒരാൾക്ക് 50 ദിർഹം വീതമാണ് ഇതിന്റെ നിരക്ക്. 12 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാരായ ആളുകൾക്കും സൗജന്യമായിരിക്കും.