യുഎഇയുടെപുതുക്കിയ വിസ സംവിധാനത്തിന്റെ ഭാഗമായി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന എൻട്രി പെർമിറ്റുകളിൽ പുതിയ ‘ജോബ് എക്സ്പ്ലോറേഷൻ വിസ’യും നിലവിൽ വന്നു. നാല് മാസം വരെയാണ് ജോബ്വിസയുടെ പരമാവധി കാലാവധി.ഐസിപി വെബ്സൈറ്റിലോ കസ്റ്റമർ കെയർ സെന്ററുകളിലോ അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലോ ജോബ്വിസക്കായി അപേക്ഷിക്കാം.
ജോലി അന്വേഷിക്കുന്നവർ സ്ഥിരമായി ടൂറിസ്റ്റ് വിസയിലാണ് ഇതുവരെ ആളുകൾ ജോലി അന്വേഷിച്ചു വന്നിരുന്നത്. രാജ്യത്ത് ലഭ്യമായ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി യുവ പ്രതിഭകളെയും വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുക എന്നതാണ് പുതിയ സിംഗിൾ എൻട്രി പെർമിറ്റ് ലക്ഷ്യമിടുന്നത്. കൂടാതെ , ഈ വിസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല.
ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴിൽ മേഘലക്കനുസരിച്ച് ഒന്നും രണ്ടും മൂന്നും ലിസ്റ്റുകളിൽ ഉൾപ്പെടുന്നവർക്കാണ് വിസ അനുവദിക്കുന്നതെന്ന് യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ നിലവാരം ഒരു ബാച്ചിലേഴ്സ് ബിരുദമോ അതിന് തുല്യമോ ആയിരിക്കണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) യുടെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സിംഗിൾ എൻട്രി പെർമിറ്റ് 60, 90, 120 മൂന്ന് കാലയളവിലേക്കാണ് നൽകുന്നത്. വിസാകാലാവധിയനുസരിച് ചിലവാക്കേണ്ട തുകയിലും വ്യത്യാസങ്ങളുണ്ട്.എന്നാൽ പ്രാഥമികമായി ഇൻഷുറൻസ് അടക്കം ഒരു വിസയ്ക്ക് 1025 ദിർഹം നൽകണം. ഇതുകൂടാതെ തിരഞ്ഞെടുക്കുന്ന വിസ കാലാവധിക്കനുസരിച്ച് തുക അടക്കേണ്ടതാണ്. ഇതു പ്രകാരം 60 ദിവസത്തെ വിസയ്ക്ക് 1,495 ദിർഹവും ; 90-ദിവസത്തെ വിസയ്ക്ക് 1,655 ദിർഹവും, 120 ദിവസത്തെ പെർമിറ്റിന് 1,815 ദിർഹവുമാണ് നൽകേണ്ടത്. അപേക്ഷകർക്ക് അവരുടെ പാസ്പോർട്ട് കോപ്പി, കളർ ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവ കരുതണം.