വാർത്തകൾ ഇതുവരെ

ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ 8നാണ് വോട്ടെണ്ണൽ. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. നിയമസഭയിൽ 68 സീറ്റുകളാണുള്ളത്.ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.

…………………

രാജ്യത്തെ മൊത്തവില പണപ്പെരുപ്പം സെപ്റ്റംബറിൽ 10.70 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 11.64 ശതമാനം ആയിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 9.93 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 8.08 ശതമാനമായി കുറഞ്ഞു.

……………..

മതപരിവർത്തന നിരോധന നിയമത്തിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിൽ ആദ്യ അറസ്റ്റ്. വിവാഹവാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ സയിദ് മൊയീൻ എന്ന 24 കാരനെയാണ് ബം​ഗ്ലൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 19 കാരിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.

………..

ഗ്യാൻവാപി മസ്ജിദ് കേസില്‍ കാര്‍ബണ്‍ ഡേറ്റിംഗിനുള്ള അപേക്ഷ തള്ളി വാരണാസി കോടതി. ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് ജില്ലാ ജഡ്ജി ഉത്തരവിട്ടു.

……………

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നിപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. അതിനാല്‍ നിശ്ചിത സമയത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

………….

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങള്‍ അന്വേഷിക്കാന്‍ ലോകായുക്ത ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ, കെഎംസിഎൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.

…………..

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനമെടുത്തതെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. വാഹന പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

……………

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വഫ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഈ മാസം 19ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് വിധി പറയുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.

…………….

വിവാഹ ബന്ധം ഗൗരവമില്ലാത്ത ഒന്നല്ലെന്നും ഇന്ന് വിവാഹം നാളെ വിവാഹമോചനം എന്ന പാശ്ചാത്യ സമ്പ്രദായം രാജ്യത്ത് അടിച്ചേൽപ്പിക്കാനാവില്ലെന്നും സുപ്രിം കോടതി. ദമ്പതികളിൽ ഒരാൾ മാത്രം ആവശ്യപ്പെട്ടാല്‍ വിവാഹ മോചനം അനുവദിക്കാൻ ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

………..

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോകുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് കലണ്ടറില്‍ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

………………

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് ജയം. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഹരിയാന 20 ഓവറിൽ 131 റൺസെടുത്തു. 132 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19 ഓവറിൽ 132 റൺസെടുത്ത് വിജയിക്കുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *