വാര്‍ത്തകള്‍ ഇതുവരെ

ഇലന്തൂർ നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്പ് കുഴിച്ച് പോലീസ് ഇന്ന് പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. ഇതിനായി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ കൂടുതൽ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. ജെസിബി ഉപയോഗിച്ചാകും കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. മൂന്ന് പ്രതികളെയും കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും തെളിവെടുപ്പും. മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും.

………..

നരബലിക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആളുടെ ഇടപെടലുകൾ ആയിരുന്നില്ല ഷാഫി സമൂഹ മാധ്യമങ്ങളിൽ നടത്തിയതെന്നാണ് പോലീസിന്‍റെ നിരീക്ഷണം. പ്രതികളുടെ മൊഴികളിലും വൈരുധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നത്.

…………..

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ചെന്നൈ തിരുവണ്ണാമലയിലെ വീട്ടിൽ തമിഴ്നാട് പൊലീസിന്‍റെ പരിശോധന. പൂജ തടഞ്ഞാൽ സ്വയം ബലി നൽകുമെന്നു വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. ഒടുവിൽ മണ്ണുമാന്തി കൊണ്ടു വാതിൽ തകർത്ത് പൊലീസ് സംഘം 5 കുടുംബാംഗങ്ങളെയും മന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. അകത്തുകയറിയ തഹസിൽദാരെയും പൊലീസുകാരെയും മന്ത്രവാദി കടിച്ചു പരുക്കേൽപ്പിച്ചു.

…………

ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. പരാതിക്കാരിയായ യുവതിയെ പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമാണ് എല്‍ദോക്കെതിരായ കേസ്. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.ഒളിവില്‍ തുടരുന്ന എംഎല്‍എ യെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ഇന്നത്തെ കോടതി വിധിക്ക് ശേഷം അറസ്റ്റ് വിഷയത്തില്‍ പോലീസ് തീരുമാനമെടുക്കും.

…………….

കണ്ണൂര്‍ സ്വദേശിനിയുടെ പീഡന പരാതിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെല്ലാണ് കേസെടുത്തത്. രണ്ട് വര്‍ഷം മുമ്പ് മലപ്പുറം പരപ്പനങ്ങാടിയില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനിയുടെ പരാതി.

…………….

പിപിഇ കിറ്റ് വിവാദത്തിൽ പ്രതികരിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. പിപിഇ കിറ്റ് ഉയർന്ന വിലയ്ക്ക് വാങ്ങിയത് ദൗർലഭ്യം മൂലമാണെന്ന് കെ കെ ശൈലജ പറഞ്ഞു. 50,000 കിറ്റ് വാങ്ങാനായിരുന്നു തീരുമാനം. എന്നാൽ 15,000 കിറ്റ് മാത്രമാണ് വാങ്ങിയത്. പി പി ഇ കിറ്റ് സുലഭമായപ്പോൾ ഉയർന്ന വില റദ്ദാക്കിയെന്നും കെ കെ ശൈലജ വ്യക്തമാക്കി.

…………

ആർഎസ്പി സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്ന് ആരംഭിക്കും. സംസ്ഥാന സമ്മേളനത്തിൽ മുന്നണി മാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പ്രതിനിധികൾ ഉന്നയിക്കും. എൽഡിഎഫിലേക്ക് മടങ്ങണമെന്നാണ് പല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആഗ്രഹം. ജനകീയ പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിൽ യുഡിഎഫ് പരാജയം എന്നാണ് ആർഎസ്പിയുടെ വിലയിരുത്തൽ.

അടുത്തമാസം നവംബറിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് ആർഎസ്പി സംസ്ഥാന സമ്മേളനം ചേരുന്നത്.

……………

പത്തുദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് മടങ്ങിയെത്തി. നോര്‍വെ, യുകെ, യു.എ.ഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. വിദേശത്തായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തി.

…………..

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് മറ്റന്നാള്‍. എഐസിസികളിലും പിസിസികളിലും ഭാരത് ജോഡോ യാത്രയിലുമായി 68 ബൂത്തുകളാണ് പോളിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് വരെയാണ് പോളിംഗ്. ഒൻപതിനായിരത്തിലേറെ പേർക്കാണ് വോട്ടവകാശമുള്ളത്.

ബുധനാഴ്ചയാണ് വോട്ടെണ്ണല്‍. അന്നുതന്നെ ഫലവും പ്രഖ്യാപിക്കും. മത്സര രംഗത്തുള്ള മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും അവസാനവട്ട പ്രചാരണത്തിലാണ്. നാളെയാണ് പ്രചാരണം അവസാനിക്കുക.

………….

പ്രൊഫസർ ജിഎൻ സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പ്രത്യേക ബെഞ്ചാണ് അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തുക. രാവിലെ പതിനൊന്ന് മണിക്ക് വാദം കേൾക്കും. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് സായിബാബയെയും കേസിൽ ശിക്ഷക്കപ്പെട്ട മറ്റ് അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയത്.

………

യുക്രൈന്‍ യുദ്ധത്തിനായി യുവാക്കളെ സൈന്യത്തിലേക്ക് ചേര്‍ക്കുന്ന നടപടികള്‍ രണ്ടാഴ്ച്ചക്കകം പൂര്‍ത്തിയാക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുട്ടിന്‍. യുദ്ധത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ വിമുഖത കാട്ടുകയും നിരവധി പേര്‍ രാജ്യം വിടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പുട്ടിന്‍റെ പ്രസ്താവന. യുക്രൈന്‍ നഗരങ്ങളില്‍ വന്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ 100ലധികം മിസൈലുകളാണ് യുക്രൈന് മേല്‍ റഷ്യ വര്‍ഷിച്ചത്. റഷ്യന്‍ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

……………..

ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ കഥാപാത്രമായ ഹാഗ്രിഡിനെ അവതരിപ്പിച്ച് ലോക ശ്രദ്ധയിലെത്തിയ താരമാണ് റോബി കോള്‍ട്രെയിന്‍.

………..

ഏഷ്യാകപ്പ്‌ വനിതാ ട്വന്റി20 കലാശപോരാട്ടം ഇന്ന്. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ബംഗ്ലാദേശിലെ സിൽഹെട്ട്‌ രാജ്യാന്തര സ്‌റ്റേഡിയത്തിൽ യുഎഇ സമയം രാവിലെ 11.30 നാണ് മത്സരം. ഇന്ത്യ എട്ടാംതവണയാണ്‌ ഫൈനൽ കളിക്കുന്നത്‌. ആറുവട്ടം ജേതാക്കളായി. ലങ്കയുടേത്‌ അഞ്ചാം ഫൈനലാണ്‌. ഹർമൻപ്രീത്‌ കൗർ നയിക്കുന്ന ഇന്ത്യൻ ടീമിനാണ്‌ മുൻതൂക്കം. ഏ

…………….

ട്വന്‍റി-20 ലോകകപ്പിന് നാളെ ഓസ്ട്രേലിയയിൽ തുടക്കമാകും. ഓസ്‌ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് മത്സരം നടക്കുക. ബ്രിസ്‌ബെയ്ന്‍, ഗീലോങ്, ഹൊബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് ഗ്രൂപ്പ് മത്സരങ്ങള്‍ അരങ്ങേറുക. നവംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്‌ലെയ്ഡ് ഓവലിലും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 13-ന് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്താണ് ഫൈനല്‍ പോരാട്ടം. ഓസ്‌ട്രേലിയ ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന് വേദിയാകുന്നത്.

നാളെ യുഎഇയും – നെതര്‍ലന്‍റും ഏറ്റുമുട്ടും. ചെറിയ ടീമുകളുടെ പ്രാഥമിക റൗണ്ടിലാണ് യു.എ.ഇ കളിക്കുന്നത്. ഈ റൗണ്ടിൽ വിജയിച്ച് വമ്പൻമാരുടെ റൗണ്ടായ സൂപ്പർ 12ലേക്ക് ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഎഇ. ആദ്യമായി മലയാളി നായകന് കീഴിൽ ഒരു ടീം ലോകകപ്പ് കളിക്കാൻ പോകുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കണ്ണൂർ തലശ്ശേരി സ്വദേശി റിസ്വാൻ റഊഫാണ് ടീമിനെ നയിക്കുന്നത്. റിസ്വാന് പുറമെ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നീ താരങ്ങളും മലയാളികളാണ്. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ യു.എ.ഇക്ക് കഴിഞ്ഞിരുന്നു.നമീബിയ – ശ്രീലങ്ക മത്സരവും നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *