കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ശശി തരൂരുമായി ചര്‍ച്ച നടത്തി. ശശി തരൂരിനെ സോണിയാ ഗാന്ധി വിളിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഈ കൂടികാഴ്ച്ചക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തരൂര്‍ ശക്തമായ മത്സരം കാഴ്ച്ചവച്ചിരുന്നു.
………….
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രതീതിയായിരുന്നു. എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുന്ന പോലെയായിരുന്നു. കോൺഗ്രസിൻറെ തെരഞ്ഞെടുപ്പിൽ ഒട്ടും അംഗീകരിക്കാൻ പാടില്ലാത്ത സൈബർ ആക്രമണം നടന്നുവെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
…………..
എല്‍ദോസ് കുന്നപ്പിള്ളിൽ ഒളിവിൽ പോയത് തെറ്റാണെന്ന് കെ മുരളീധരൻ. ഇതുപോലുള്ള ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന് വ്യക്തമാക്കി.
……………
നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടാതെ സർക്കാർ നോക്കിനിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങൾക്ക് വർധിച്ചിരിക്കുന്നത്. സർക്കാരിന്റെ രണ്ടാമൂഴത്തിലും വൻവിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോൾ ജനങ്ങൾ നട്ടം തിരിയുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
………….
ദളിത് യുവതിക്കെതിരായ ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സർക്കാരും, പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഉടൻ പ്രത്യേക കോടതിയിൽ ഹാജറാക്കണമെന്നും അന്ന് തന്നെ ജാമ്യഹർജി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
………….
ഇടുക്കി ഏലപ്പാറയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്നു മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ ആണ് മരിച്ചത്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധനകൾ നടത്തുകയാണ്.
……………
മധു വധക്കേസില്‍ കൂറുമാറിയ സാക്ഷി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കേസിലെ 19ആം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പ്രതികളെ പേടിച്ചാണ് താൻ കൂറുമാറിയതെന്ന് മണ്ണാർക്കാട് എസിഎസ്ടി വിചാരണ കോടതിയിൽ കക്കി പറഞ്ഞു. ഇക്കാര്യത്തിൽ ക്ഷമചോദിക്കുന്നതായും ഇയാള്‍ കോടതിയെ അറിയിച്ചു.
……………
കൊല്ലം കിളികൊല്ലൂരില്‍ സഹോദരങ്ങളെ സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിക്ക് സാധ്യത. സ്റ്റേഷന് ഹൗസ് ഓഫീസര്‍ വിനോദിനോട് സ്റ്റേഷന് ചുമതലകളില്‍ നിന്നും വിട്ടു നില്ക്കാന് തിരുവനന്തപുരം റേഞ്ച് ഐജി നിര്‍ദേശിച്ചു.
…………….
ഇലന്തൂർ നരബലിയിൽ രണ്ട് കൊലപാതകത്തിന് ശേഷവും പ്രതി മുഹമ്മദ് ഷാഫി ഇരകളുടെ മാംസം കൊച്ചിയിലേക്ക് കൊണ്ടുവന്നതായി വിവരം. ഇതേത്തുടർന്ന് കൊച്ചി ഷേണായീസ് തിയറ്ററിന് സമീപമുള്ള ഷാഫിയുടെ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി. ഹോട്ടലിലെ പാത്രങ്ങളും കത്തി, സ്പൂണുകൾ മുതലായവയും ശേഖരിച്ചിട്ടുണ്ട്. മനുഷ്യമാംസം കഴിക്കുന്ന ചിലരെ തനിക്ക് അറിയാമെന്ന് ഷാഫി പറഞ്ഞതായി കൂട്ടുപ്രതികളായ ലൈലയും ഭഗവൽ സിങ്ങും പൊലീസിനോട് പറഞ്ഞു. മാംസം വലിയ പണം നൽകി അവർ വാങ്ങുമെന്നും ഷാഫി പറഞ്ഞിരുന്നു. ഇതിനായാണ് ഫ്രിഡ്ജിൽ മാംസം സൂക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.
……………..
ഇടുക്കി തങ്കമണി യൂദാഗിരിയിലെ മന്ത്രവാദ കേന്ദ്രത്തിനെതിരെ സിപിഎം പ്രതിഷേധം. ബലിത്തറകൾ പൊളിച്ചു നീക്കി. പൊലീസ് താക്കീത് നൽകിയിട്ടും മൃഗബലി തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം. റോബിൻ പറത്താനത്ത് എന്നയാളുടെ വീടിന് സമീപത്താണ് മന്ത്രവാദവും മൃഗബലിയും നടത്തിയിരുന്നത്.
……………..
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേനാംഗങ്ങള്‍ പരിശീലനം നല്കിയ സംഭവത്തില്‍ സസ്പെൻഷനിലായിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. പരിശീലനം നൽകാൻ അനുമതികൊടുത്തതിന് സസ്പന്‍ഷനിലായ റീജിയണൽ ഫയർ ഓഫീസര്‍ ഷിജു കെ.കെയെ ആണ് തിരിച്ചെടുത്തത്. പാലക്കാട് റീജണൽ ഫയർ ഓഫീസിലാണ് നിയമനം.
……………..
99 ആം പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ‘തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകള്‍…’എന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചികിത്സയിലും വിശ്രമത്തിലും കഴിയുന്ന വി എസ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഇന്ന് 99 ആം ജന്മദിനം ആഘോഷിക്കുന്നത്. സന്ദര്‍ശനത്തിന് നിയന്ത്രണമുളളതിനാല്‍ ഫോണിലൂടെയാണ് നേതാക്കളും പ്രവര്‍ത്തകരും സ്നേഹിതരും വി എസിന് ആശംസകള്‍ നേരുന്നത്.
………………
ലോകകപ്പിന് ഇനി 30 ദിവസങ്ങൾ ബാക്കി നിൽക്കെ തുർക്കി സൈനിക വിഭാഗം ഖത്തറിൽ എത്തി. സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുവഹിക്കുന്നതിന്റെ ഭാഗമായാണ് സൈന്യംഖത്തറിൽ എത്തിയത്. സൈനികരെ അംബാസിഡർ മുസ്തഫ ഗോക്സു സ്വാഗതം ചെയ്തു. ടൂർണമെന്റിന്റെ വിജയത്തിനായി ഖത്തറിനൊപ്പം പ്രവർത്തിക്കാനും ആവശ്യമായ പിന്തുണ നൽകാനും തുർക്കി എപ്പോഴും തയ്യാറാണെന്നും എംബസി ട്വിറ്ററിൽ കുറിച്ചു.