ആരോഗ്യ മേഖലയിൽ സ്വയം പര്യാപ്തതക്കൊരുങ്ങി യു എ ഇ

മെഡിക്കൽ ഉപകരണങ്ങൾ സ്വന്തമായ് നിർമ്മിച്ച് ആരോഗ്യ രംഗത്ത് സ്വയം പര്യാപ്തതക്കൊരുങ്ങുകയാണ് യുഎഇ.

പദ്ധതിക്കായി വിവിധ മെഡിക്കല്‍സ്ഥാപനങ്ങളുമായി 26 കോടി ദിര്‍ഹത്തിന്റെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. മെഡിക്കല്‍ സിറിഞ്ചുകള്‍ മുതല്‍ രക്തംശേഖരിക്കുന്ന ട്യൂബുകള്‍വരെ വ്യാവസായികാടിസ്ഥാനത്തില്‍ രാജ്യത്തിനകത്തുതന്നെ നിര്‍മിക്കാന്‍ പ്യൂവര്‍ഹെല്‍ത്ത് കമ്പനിയുമായാണ് ധാരണാപത്രം ഒപ്പിട്ടത്.

മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും തദ്ദേശീയമായി ഉത്പാദിപ്പിക്കാനുള്ള വന്‍പദ്ധതിക്കാണ് ഇതോടു കൂടി തുടക്കം കുറിക്കുക. യു.എ.ഇ.യിലേക്ക് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെയും നിര്‍മാതാക്കളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

അബുദാബി മെഡിക്കല്‍ ഡിവൈസ് കമ്പനി, അബുദാബി തുറമുഖഗ്രൂപ്പ്, അബുദാബി പോളിമര്‍ കമ്പനി എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

പ്യൂവര്‍ ഹെല്‍ത്ത് ഗ്രൂപ്പ് സി.ഇ.ഒ. ഫര്‍ഹാന്‍ മാലിക്ക്, അബുദാബി മെഡിക്കല്‍ ഡിവൈസ് കമ്പനി സി.ഇ.ഒ. മുനീര്‍ ഹദ്ദാദ്, അബുദാബി തുറമുഖം ഫ്രീസോണ്‍ വിഭാഗം മേധാവി അബ്ദുല്ല ഹുമൈദ് അല്‍ ഹമേലി, പോളിമര്‍ കമ്പനിയായ ബുറുജിന്റെ സി.ഇ.ഒ. ഹസീം സുല്‍ത്താന്‍ അല്‍ സുവൈദി, ജുല്‍ഫാര്‍ ചെയര്‍മാന്‍ ശൈഖ് സഖര്‍ ബിന്‍ ഹുമൈദ് അല്‍ഖാസിമി തുടങ്ങിയവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ധാരണപ്രകാരം അബുദാബി പോര്‍ട്ട് ഗ്രൂപ്പ് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള കേന്ദ്രം നിര്‍മിക്കാന്‍ ഐകാഡ് ഒന്നില്‍ സ്ഥലം വിട്ടുനല്‍കും. പോളിമര്‍ കമ്പനി അസംസ്‌കൃതവസ്തുക്കള്‍ ലഭ്യമാക്കും. അബുദാബിയില്‍ സിറിഞ്ച് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി നിര്‍മിക്കും. ഇന്‍സുലിന് പകരം ഉപയോഗിക്കുന്ന ഗ്ലാര്‍ജൈന്‍ ഉത്പാദിപ്പിക്കാന്‍ റാസല്‍ഖൈമയില്‍ കേന്ദ്രം തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *