റഷ്യ കീഴടക്കിയ യുക്രെയൻ നഗരമായ മെലിറ്റോപോളിൽ തദ്ദേശീയ ടെലിവിഷൻ കേന്ദ്രത്തിന് മുന്നിൽ കാർബോംബ് സ്ഫോടനമെന്ന് റഷ്യൻ അധികൃതർ. സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റെന്നും റിപ്പോർട്ട്.
…………………..
കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു.
…………………..
രണ്ട് ഇന്ത്യാക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കെനിയയോട് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കെനിയ കൈമാറാത്തതിലും ഇന്ത്യ അതൃപ്തി രേഖപ്പെടുത്തി.
…………………..
കെനിയയിൽ ഒളിവിൽ താമസിക്കുകയായിരുന്ന മുതിർന്ന പാകിസ്ഥാൻ മാധ്യമ പ്രവർത്തകനെ ആളുമാറി കൊലപ്പെടുത്തിയതായി കെനിയൻ പൊലീസ്. നെയ്റോബിക്ക് സമീപമുള്ള റോഡ് ബ്ലോക്കിൽ നിർത്തുന്നതിന് പകരം കാർ അമിതവേഗത്തിൽ ഓടിച്ചതിനെ തുടർന്ന് പോലീസ് വെടിവെച്ചപ്പോഴാണ് പാക് മാധ്യമ പ്രവർത്തകൻ അർഷാദ് ഷെരീഫ് കൊല്ലപ്പെട്ടത്.
…………………..
ഉടുമ്പൻ ചോല എംഎൽഎ എം.എം.മണിയുടെ കാറിന്റെ പിൻചക്രം ഓട്ടത്തിനിടയിൽ ഊരിത്തെറിച്ചുപോയി. കേരള തമിഴ് നാട് അതിർത്തിയായ കമ്പംമെട്ട് ഉണ്ടായ അപടകത്തിൽ ആർക്കും പരിക്കേറ്റില്ല.
…………………..
ബംഗ്ലാദേശിലുണ്ടായ സിട്രാംഗ് ചുഴലിക്കാറ്റിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടാക്കിയത്.
…………………..
തെന്നിന്ത്യയിലെ പ്രമുഖ കലാസംവിധായകൻ ടി. സന്താനം അന്തരിച്ചു. 2010ൽ പുറത്തിറങ്ങിയ ‘ആയിരത്തിൽ ഒരുവൻ’ അടക്കം നിരവധി ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്.
…………………..
മാനസിക സമ്മർദം കൂടാതെ ഫിഫ ലോകകപ്പിൽ കളിക്കാനും മത്സരങ്ങൾ ആസ്വദിക്കാനും സൗദി ഫുട്ബാൾ ടീമിനോട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. ദേശീയ ഫുട്ബാൾ ടീമുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഉപദേശം.
…………………..
ഉത്തർപ്രദേശിലെ ബുധൗൺ ജില്ലയിൽ റിട്ടയേർഡ് അധ്യാപികന് ദാരുണാന്ത്യം. നിസ്സാരമായ വീട്ടുതർക്കത്തിന്റെ പേരിൽ മകനും മരുമകളും ചേർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു
…………………..
ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപ്പന്നങ്ങളെ പ്രകീർത്തിച്ച് പണം നൽകി റിവ്യൂ എഴുതിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ.
പണം നൽകിയോ, സൗജന്യമായി ഉൽപ്പന്നങ്ങൾ നൽകിയോ എഴുതിപ്പിക്കുന്ന റിവ്യൂകളെ പ്രത്യേകം അടയാളപ്പെടുത്തണമെന്നും മൊത്തത്തിലുള്ള റേറ്റിങ് സംഖ്യ നൽകുമ്പോൾ ഇത്തരം പെയ്ഡ് റേറ്റിങ്ങുകൾ പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി